അതിജീവനത്തിന് മുസ്ലിം സംഘടനകൾക്ക് പൊതുമിനിമം പരിപാടി വേണം: സഫൂറ സർഗർ
text_fieldsന്യൂഡൽഹി: മുസ്ലിംകൾ സ്വയം തിരുത്തലിന് തയാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും സംഘടനാ വൈജാത്യങ്ങൾക്കിടയിൽ പൊതുമിനിമം പരിപാടിക്കായി യോജിക്കേണ്ടതുണ്ടെന്നും ജയിൽമോചിതയായ പൗരത്വ സമര നായിക സഫൂറ സർഗർ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആസ്ഥാനത്ത് ഡൽഹി മലയാളി ഹൽഖ സംഘടിപ്പിച്ച മലയാളി വിദ്യാർഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു സഫൂറ.
എല്ലാ മുസ്ലിംകളും സംഘടനകളും ഒരേ തരത്തിലാകണം എന്നല്ല താൻ പറയുന്നതെന്ന് സഫൂറ തുടർന്നു. മുസ്ലിംകൾക്കിടയിൽ വൈവിധ്യങ്ങളുണ്ടാകും. അതോടൊപ്പം യോജിപ്പും വേണം. ആ യോജിപ്പായിരിക്കണം തന്ത്രങ്ങളുടെ താക്കോൽ. അതിനായി ഒരു പൊതുമിനിമം പരിപാടി മുസ്ലിം സംഘടനകൾക്ക് വേണം. അതിജീവനം തന്നെയാണ് ആ പൊതുമിനിമം പരിപാടി. നിലനിൽപിനായുള്ള പോരാട്ടമാണിത്. നാം അത് തിരിച്ചറിയുന്നില്ല. വംശഹത്യയിലേക്ക് നീങ്ങുകയാണ് നാം. വംശഹത്യാപരമായ സാഹചര്യത്തിലുടെയാണ് കടന്നുപോകുന്നത്. ഇത് നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. നമുക്ക് മുമ്പിൽ മാർഗനിർദേശമായുള്ളത് ഖുർആനാണ്. അത് പിന്തുടരുക. നാം നമ്മോട് തന്നെ സത്യസന്ധരായിരിക്കുക. നമ്മൾ എന്തോ വലിയ കാര്യം ചെയ്തൂവെന്ന് നമുക്ക് തോന്നുന്ന നിമിഷം മുതൽ നമ്മുടെ പതനം തുടങ്ങി. അഹങ്കാരം നമ്മെ നശിപ്പിക്കുമെന്നും അതിനെ പ്രതിരോധിച്ചേ മതിയാകൂ എന്നും സഫൂറ കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംകൾ തോറ്റിട്ടില്ലെന്നും തോറ്റത് രാഷ്ട്രീയ പാർട്ടികളാണെന്നും എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്‍റ് സൽമാൻ അഹ്മദ് അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിലെ മുസ്ലിംകൾക്ക് വിദ്യാഭ്യാസവും രാഷ്ട്രീയ പക്വതയും ഇല്ല എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ആ പ്രചാരണങ്ങളെല്ലാം മറികടന്ന് യു.പിയിലെ 80 ശതമാനം മുസ്ലിം വോട്ടർമാരും ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഈ തെരഞ്ഞെടുപ്പിൽ ഒറ്റക്കട്ടായി വോട്ടുചെയ്തുവെന്നും സൽമാൻ പറഞ്ഞു. ഡൽഹി മലയാളി ഹൽഖ പ്രസിഡന്‍റ് ജസീൽ അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ സെക്രട്ടറി എ. റഹ്മത്തുന്നീസ, വിദ്യാർഥി നേതാവ് സിദ്റ അലി, ഫ്രറ്റേണിറ്റി മൂവ്മെന്റ് സെക്രട്ടേറിയേറ്റ് അംഗം വസീം ആർ.എസ്, മാധ്യമപ്രവർത്തകൻ ശഹീൻ അബ്ദുല്ല, ഡോ. ഹബീബുർറഹ്മാൻ, ഡോ. ശിറാസ് പൂവച്ചാൽ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.