മുസ്ലിം വ്യക്തി നിയമ ബോർഡ്: ഖാലിദ് സൈഫുല്ല റഹ്മാനി വീണ്ടും പ്രസിഡന്റ്, എ.റഹ്മത്തുന്നിസ നിർവാഹക സമിതിയിൽ
text_fieldsന്യൂഡൽഹി: അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് പ്രസിഡന്റായി ഖാലിദ് സൈഫുല്ല റഹ്മാനിയെ വീണ്ടും തെരഞ്ഞെടുത്തു. കർണാടകയിലെ ദാറുൽ ഉലൂം അറബിക് കോളജിൽ നടന്ന പേഴ്സണൽ ലോ ബോർഡിന്റെ 29ാം ജനറൽ ബോഡി യോഗത്തിലാണ് ഖാലിദ് സൈഫുല്ല റഹ്മാനിയെ വീണ്ടും തെരഞ്ഞെടുത്തത്.
യോഗത്തിൽ ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി എ. റഹ്മത്തുന്നിസയെ നിർവാഹക സമിതി അംഗമായും തെരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് ദേശീയ നിർവാഹക സമിതിയിലെത്തുന്ന ആദ്യ വനിതാ അംഗമാണ് എ. റഹ്മത്തുന്നിസ.
40 അംഗ ദേശീയ നിർവാഹക സമിതിയിൽ അഞ്ച് വനിതകളാണുള്ളത്.രാജ്യത്ത് വ്യാപിച്ചുകിടക്കുന്ന വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ളതാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലെന്ന് ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു.
ബന്ധപ്പെട്ടവരുടെ നിർദേശങ്ങൾ തേടാൻ രൂപവത്കരിച്ച ജെ.പി.സി ഈ വിഷയത്തിൽ യാതൊരു അവകാശവുമില്ലാത്തവർക്ക് സമയം നൽകുകയും പക്ഷപാതപരമായി പെരുമാറുകയും ചെയ്തുവെന്നും ബോർഡ് കുറ്റപ്പെടുത്തി. ഏകീകൃത സിവിൽ കോഡ്, ഫലസ്തീൻ പ്രതിസന്ധി, പ്രവാചകൻ മുഹമ്മദിനെ അവഹേളിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ബോർഡ് യോഗത്തിൽ പ്രമേയം പാസാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.