മുസ്‍ലിം സ്ഥാനാർഥിയില്ലാത്ത ബി.ജെ.പിക്ക് വോട്ടുപിടിക്കാൻ മുസ്‍ലിം രാഷ്ട്രീയ മഞ്ചും
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ അഹ്മദാബാദ് നഗരത്തിലെ മുസ്‍ലിം വോട്ടുകൾ ബി.ജെ.പിക്ക് അനുകൂലമാക്കാൻ ആർ.എസ്.എസ് മുസ്‍ലിം രാഷ്ട്രീയ മഞ്ചിനെ രംഗത്തിറക്കി. കെ.എസ്. സുദർശൻ സർസംഘ് ചാലക് ആയ കാലത്ത് മുസ്‍ലിംകളെ ആർ.എസ്.എസിന്റെ ഭാഗമാക്കാൻ ഇന്ദ്രേഷ് കുമാറിന്റെ രക്ഷാകർതൃത്വത്തിലുണ്ടാക്കിയതാണ് മുസ്‍ലിം രാഷ്ട്രീയ മഞ്ച്.
182 അംഗ നിയമസഭയിലേക്ക് ഒരു മുസ്‍ലിം സ്ഥാനാർഥിയെ പോലും നിർത്താൻ തയാറാകാത്ത ബി.ജെ.പിക്ക് വേണ്ടി മുസ്‍ലിം വോട്ടുകൾ നിർണായക മണ്ഡലങ്ങളിൽ അവരുടെ വോട്ടുറപ്പിക്കാനാണ് മുസ്‍ലിം രാഷ്ട്രീയ മഞ്ചിന്റെ ദേശീയ നേതാവ് മുഹമ്മദ് അഫ്സൽ എത്തിയത്. ബിൽകീസ് ബാനു കേസുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ സംഘടിപ്പിച്ച ചില ആക്ടിവിസ്റ്റുകളുടെ കൂടി സഹകരണത്തോടെയാണ് മുസ്‍ലിം സമുദായത്തിനിടയിൽ ബി.ജെ.പിയെ അനുകൂലിക്കാനുള്ള ശ്രമം നടത്തിയത്.
അഹ്മദാബാദിൽ ചില മുസ്‍ലിംകളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരെ കണ്ട മുഹമ്മദ് അഫ്സൽ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും മുസ്‍ലിംകൾ പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ടു. മുസ്‍ലിംകൾ വിദ്യാഭ്യാസപരമായി വളരെ പിന്നാക്കമാണെന്നും അവരെ മുന്നിലെത്തിക്കാനുള്ള ശ്രമമാണ് മോദി സർക്കാർ നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.