ക്ഷേത്രോത്സവത്തിൽ മുസ്ലിം കച്ചവടക്കാർക്ക് വിലക്ക്
text_fieldsബംഗളൂരു: പന്ത്രണ്ടാം നൂറ്റാണ്ടിൽ മുസ്ലിം വ്യാപാരി പണികഴിപ്പിച്ച കർണാടകയിലെ ക്ഷേത്ര ഉത്സവത്തിൽ മുസ്ലിം കച്ചവടക്കാർക്ക് രണ്ടാംവർഷവും വിലക്ക്. മംഗളൂരുവിൽ നിന്ന് 29 കിലോമീറ്റർ അകലെ മുൽക്കി ബപ്പനാട് ദുർഗ പരമേശ്വരി ക്ഷേത്രത്തിലാണ് സംഭവം. കേരളത്തിലെ പൊന്നാനിയിൽ നിന്നുള്ള ബപ്പ ബിയരി എന്ന മുസ്ലിം വ്യാപാരിയാണ് ക്ഷേത്രം പണിതതെന്നാണ് വിശ്വാസം.
അതിനാൽ ഇവിടം ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, ജൈന വിശ്വാസികളുടെ സാഹോദര്യത്തിന്റെ പ്രതീകമാണ്. ഏപ്രിൽ 12 വരെയാണ് ഇവിടെ ഉത്സവം. 35 വർഷങ്ങളായി ഉത്സവത്തിന് മുസ്ലിം കച്ചവടക്കാരും സജീവമായിരുന്നെങ്കിലും കഴിഞ്ഞ വർഷം മുതലാണ് വിലക്ക് വന്നത്. തീവ്രഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്നാണിത്.
നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വ്യാപാരികൾ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ സന്ദർശിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രദേശവാസികളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് ദുഗണ്ണ സാവന്ത് പറഞ്ഞു. അഹിന്ദുക്കൾക്ക് ക്ഷേത്രത്തിനകത്തും സമീപങ്ങളിലും പ്രവേശനം അനുവദിക്കരുതെന്നതിനാലാണ് വിലക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഇത് ഭരണഘടന ലംഘനമാണെന്ന് ബംഗളൂരുവിലെ സാമൂഹികപ്രവർത്തകനും അഭിഭാഷകനുമായ വിനയ് ശ്രീനിവാസ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.