മുസ്ലിം വോട്ടുകൾ ആർക്കൊപ്പം?
text_fieldsബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ലിംഗായത്തുകളെയും വൊക്കലിഗരെയും പോലെ പ്രധാനമാണ് മുസ്ലിം വോട്ടുകളും. 2013ലെ വോട്ടേഴ്സ് ഡേറ്റ പ്രകാരം ലിംഗായത്തുകൾ 17ശതമാനമാണ്. സിദ്ധരാമയ്യ സർക്കാറിന്റെ കാലത്ത് തയാറാക്കിയ 2015ലെ കർണാടക ജാതി സെൻസസ് പ്രകാരം മുസ്ലിംകൾ 16 ശതമാനമായി വളർന്നിട്ടുണ്ട് (ഈ സെൻസസ് കണക്ക് സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല). എല്ലാ കാലത്തും ഒറ്റ പാർട്ടി നയം സ്വീകരിക്കുന്ന ലിംഗായത്തുകൾ, രാഷ്ട്രീയാവബോധവും ഐക്യവും കാത്തുസൂക്ഷിക്കുകയും രാഷ്ട്രീയ നേതൃത്വത്തെ നിലനിർത്തുകയും ചെയ്യുന്നു. ഈ ഘടകങ്ങളുടെ അഭാവമാണ് കർണാടക മുസ്ലിംകളെ പിറകോട്ടു തള്ളിയത്. ലിംഗായത്തുകൾ മുഖ്യ വോട്ടുബാങ്കായി നിലനിൽക്കുമ്പോൾ മുസ്ലിംകൾ ചിതറിയ വോട്ടായി മാറി. കർണാടകയിൽ ചുരുങ്ങിയത് 70 മണ്ഡലങ്ങളിലെങ്കിലും 20 ശതമാനത്തിലേറെ വോട്ടുള്ള, വിജയ പരാജയങ്ങൾ നിർണയിക്കാവുന്ന വോട്ടുബാങ്കാണ് മുസ്ലിംകൾ.
ഹിജാബ് വിവാദം, ഹലാൽ വിഷയം, ബാങ്ക് വിളിക്കെതിരായ നീക്കം, സാമ്പത്തിക ബഹിഷ്കരണം, ഗോവധ നിരോധനത്തിന്റെ പേരിൽ നടക്കുന്ന മുസ്ലിം വേട്ട, സംവരണ നിഷേധം തുടങ്ങി മുസ്ലിം വിരുദ്ധത കർണാടകയെ പ്രക്ഷുബ്ധമാക്കിയ കാലമായിരുന്നു ബൊമ്മൈ സർക്കാറിന്റേത്. ബി.ജെ.പിക്കെതിരെ മുസ്ലിം സംഘടനകൾക്കും കൂട്ടായ്മകൾക്കുമിടയിൽ രാഷ്ട്രീയപരമായി ഐക്യശ്രമങ്ങളും ബോധവത്കരണവും സജീവമാകുന്നുണ്ട്. 28 മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ കർണാടക മുസ്ലിം മുത്തഹിദ മഹാസ് ഇതുവരെ നിലപാട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബി.ജെ.പിക്കെതിരെ ഏതെങ്കിലും ഒരു പാർട്ടിയെ മാത്രം പിന്തുണക്കാനുള്ള സാധ്യതയില്ല. ജെ.ഡി-എസ് മുമ്പ് ബി.ജെ.പിയുമായി സഖ്യം ചേർന്നതും 2018ലെ സഖ്യ സർക്കാറിനെ അട്ടിമറിച്ചതിൽ 12 കോൺഗ്രസ് എം.എൽ.എമാരുടെ പങ്കും ഒരുപോലെയാണ് മുസ്ലിം നേതാക്കൾ കാണുന്നത്. ഫാഷിസത്തെ പരാജയപ്പെടുത്താൻ ബി.ജെ.പിക്കെതിരെ ജയസാധ്യതയുള്ള മതേതര സ്ഥാനാർഥിക്ക് വോട്ടുചെയ്യുക എന്നതാണ് പൊതുനയമായി മുസ്ലിം സംഘടനകൾ കാണുന്നത്.
മുസ്ലിംകൾക്കിടയിലെ ഈ നീക്കം മുന്നിൽകണ്ടാണ് പ്രതിപക്ഷ പാർട്ടികൾ മുസ്ലിം പ്രശ്നങ്ങൾ മുഖ്യവിഷയങ്ങളായി പ്രചാരണത്തിൽ ഉന്നയിക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നത് പരിഗണിച്ച് മുസ്ലിംകൾക്ക് ഏർപ്പെടുത്തിയ സംവരണം മതാടിസ്ഥാനത്തിലുള്ളതാണെന്നാണ് ബി.ജെ.പി ആരോപണം. ബി.ജെ.പി എടുത്തുകളഞ്ഞ നാല് ശതമാനം മുസ്ലിം സംവരണം പുനഃസ്ഥാപിക്കുമെന്ന് കോൺഗ്രസും ജെ.ഡി-എസും വ്യക്തമാക്കിയിട്ടുണ്ട്. സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുമെന്നതാണ് ജെ.ഡി-എസിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്.
പാർട്ടിയിലേക്ക് മടങ്ങിയെത്തിയ സി.എം. ഇബ്രാഹിമിനെ പോലുള്ള ഏറെ അനുഭവസമ്പത്തുള്ള നേതാവിന് കർണാടകയിലെ അധ്യക്ഷസ്ഥാനം ജെ.ഡി-എസ് നൽകിയതും മുസ്ലിം വോട്ട് ലക്ഷ്യമിട്ടാണ്. കഴിഞ്ഞ തവണ കോൺഗ്രസും ജെ.ഡി-എസും 17 മുസ്ലിം സ്ഥാനാർഥികളെ വീതം നിർത്തിയിരുന്നു. ജെ.ഡി-എസിൽനിന്ന് ആരും വിജയിച്ചില്ല. ഇത്തവണ 23 പേരെ സ്ഥാനാർഥികളാക്കി. ഏഴ് മുസ്ലിം എം.എൽ.എമാരുണ്ടായിരുന്ന കോൺഗ്രസ് ഇത്തവണയും 17 പേർക്ക് അവസരം നൽകി. ഒരു സീറ്റിലും ബി.ജെ.പി മുസ്ലിം സ്ഥാനാർഥിയെ പരിഗണിച്ചിട്ടില്ല. എസ്.ഡി.പി.ഐ 16 സീറ്റിലും മജ്ലിസ് പാർട്ടി (എ.ഐ.എം.ഐ.എം) രണ്ടു സീറ്റിലുമാണുള്ളത്. വെൽഫെയർ പാർട്ടിയാകട്ടെ, പ്രതീകാത്മകമായി രണ്ടു സീറ്റിൽ എസ്.ടി സ്ഥാനാർഥികളെ നിർത്തി.
എസ്.ഡി.പി.ഐ ഇത്തവണ ബി.എസ്.പിയുമായി രണ്ട് സീറ്റിൽ സഖ്യധാരണയായിട്ടുണ്ട്. ചാമരാജ് നഗറിൽ ബി.എസ്.പിക്ക് എസ്.ഡി.പി.ഐയും എസ്.ഡി.പി.ഐ കർണാടക പ്രസിഡന്റ് അബ്ദുൽ മജീദിന് മൈസൂരുവിലെ നരസിംഹ രാജ നഗറിൽ ബി.എസ്.പിയും പിന്തുണ നൽകും. തീരദേശ മേഖലയിൽ എസ്.ഡി.പി.ഐക്ക് വോട്ടുവർധന പ്രതീക്ഷിക്കുന്നതൊഴിച്ചാൽ മുസ്ലിം വോട്ടുകൾ കൂടുതൽ കോൺഗ്രസിലും ചിലയിടങ്ങളിൽ ജെ.ഡി-എസിലും കേന്ദ്രീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.