ദക്ഷിണ ബംഗാളിൽ തൃണമൂലിനെ തുണച്ചത് മുസ്ലിം വോട്ടുകൾ
text_fieldsകൊൽക്കത്ത: ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകൾവരെ പിടിച്ചെടുത്ത് ദക്ഷിണ ബംഗാളിലെ ന്യൂനപക്ഷ മേഖലകൾ തൂത്തുവാരാൻ തൃണമൂൽ കോൺഗ്രസിനെ സഹായിച്ചത് മുസ്ലിം വോട്ടുകളെന്ന് വിലയിരുത്തൽ. അതേസമയം, ഉത്തര ബംഗാളിൽ ഇടത്- കോൺഗ്രസ് സഖ്യസ്ഥാനാർഥികൾ ന്യൂനപക്ഷ വോട്ടുകൾ വിഭജിച്ചത് ബി.ജെ.പിയെ സഹായിച്ചു.
30 ശതമാനം ന്യൂനപക്ഷ വോട്ടർമാരുള്ള സംസ്ഥാനത്ത് 16 മുതൽ 18 വരെ ലോക്സഭ സീറ്റുകളിൽ അവർക്ക് നിർണായക സ്വാധീനമുണ്ട്. ബാലുർഗഢ്, റായ്ഗഞ്ജ്, മാൾഡ നോർത്ത് എന്നിവിടങ്ങളിൽ ഇടത്- കോൺഗ്രസ് സഖ്യവും തൃണമൂലും തമ്മിലുള്ള മത്സരത്തിൽ വോട്ട് വിഭജിക്കപ്പെട്ടതോടെ ബി.ജെ.പി ജയിച്ചുകയറി. മൂന്നിടങ്ങളിലും ബി.ജെ.പി സ്ഥാനാർഥികളുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ് ഇടത്- കോൺഗ്രസ് സഖ്യ സ്ഥാനാർഥി നേടിയ വോട്ട്. ഇവിടങ്ങളിൽ തൃണമൂൽ സ്ഥാനാർഥി തോൽക്കാൻ കാരണം ഇടത്- കോൺഗ്രസ് സഖ്യമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാൽ, കുച്ച്ബിഹാർ സീറ്റ് ബി.ജെ.പിയിൽനിന്ന് തൃണമൂൽ പിടിച്ചെടുത്തു.
18 സീറ്റിൽനിന്ന് 12ലേക്ക് ചുരുങ്ങിയ ബി.ജെ.പിക്ക് കൽക്കട്ട ഹൈകോടതി മുൻ ജഡ്ജി മത്സരിച്ച തംലുക് മാത്രമാണ് പുതുതായി ലഭിച്ച മണ്ഡലം. സംസ്ഥാനത്തുടനീളം വർഗീയ ധ്രുവീകരണത്തിന് ഉയർത്തിക്കാട്ടിയ സന്ദേശ്ഖാലിയിലും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായില്ല. സന്ദേശ്ഖാലി ഉൾപ്പെടുന്ന ബീഷർഹട്ട് മണ്ഡലത്തിൽ തൃണമൂലിനാണ് വിജയം. പൗരത്വ ഭേദഗതി വിജ്ഞാപനവും കാര്യമായ ചലനം ഉണ്ടാക്കിയില്ല. സഖ്യമായി മത്സരിച്ച സി.പി.എമ്മും കോൺഗ്രസും ഫലം വന്നപ്പോൾ ഒരു സീറ്റിലൊതുങ്ങി. മാൾഡ ദക്ഷിൺ മണ്ഡലത്തിൽ കോൺഗ്രസിന്റെ ഇഷ ഖാൻ ചൗധരിയാണ് ജയിച്ചത്. സിറ്റിങ് സീറ്റായ ബഹറാംപൂർ കോൺഗ്രസിന് നഷ്ടമാവുകയും ചെയ്തു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരിയാണ് ഇവിടെ തോൽവി ഏറ്റുവാങ്ങിയത്. ടി.എം.സിക്കുവേണ്ടി മത്സരിച്ച ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം യൂസുഫ് പത്താനാണ് വിജയം. സി.പി.എമ്മിനും കാര്യമായ വോട്ടുവിഹിതം ഉയർത്താനായില്ല. പാർട്ടി സെക്രട്ടറി മുഹമ്മദ് സലിം മത്സരിച്ച മുർഷിദാബാദിൽ അഞ്ച് ലക്ഷത്തിലധികം വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്താനായെന്നതാണ് ഏക നേട്ടം.
മത പണ്ഡിതനായ അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ടിനും (ഐ.എസ്.എഫ്) മുന്നേറ്റമുണ്ടാക്കാനായില്ല. ബി.ജെ.പിക്കെതിരെ മുസ്ലിം വോട്ടുകൾ തൃണമൂലിലേക്ക് ഏകീകരിച്ചതാണ് ഐ.എസ്.എഫിന് തിരിച്ചടിയായത്. ചോദ്യക്കോഴ ആരോപണത്തിൽ പാർലമെന്റ് അംഗത്വം റദ്ദ് ചെയ്യപ്പെട്ട ടി.എം.സി നേതാവ് മഹുവ മൊയ്ത്ര 56,705 വോട്ടിന് കൃഷ്ണനഗറിൽനിന്ന് വിജയിച്ചതും ബി.ജെ.പിക്ക് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.