Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവഡോദരയിൽ...

വഡോദരയിൽ മുഖ്യമന്ത്രിയുടെ പദ്ധതി പ്രകാരം മുസ്‍ലിം സ്ത്രീക്ക് വീട് അനുവദിച്ചതിൽ പ്രതിഷേധം

text_fields
bookmark_border
വഡോദരയിൽ മുഖ്യമന്ത്രിയുടെ പദ്ധതി പ്രകാരം മുസ്‍ലിം സ്ത്രീക്ക് വീട് അനുവദിച്ചതിൽ പ്രതിഷേധം
cancel

വഡോദര: ഗുജറാത്തിലെ വഡോദരയിൽ മുഖ്യമന്ത്രിയുടെ ഭവന പദ്ധതിയിൽ ഉൾ​പ്പെടുത്തി മുസ്‍ലിം യുവതിക്ക് വീട് അനുവദിച്ചതിൽ അയൽവാസികളുടെ പ്രതിഷേധം. 2017ലായിരുന്നു മുഖ്യമന്ത്രി ആവാസ് യോജനക്കു കീഴിൽ വഡോദര മുനിസിപ്പൽ കോർപ്പറേഷന്റെ താഴ്ന്ന വരുമാനക്കാർക്കുള്ള ഭവന സമുച്ചയത്തിൽ 44 വയസ്സുള്ള മുസ്‍ലിം സ്ത്രീക്ക് പാർപ്പിടം അനുവദിച്ചത്. അന്ന് പ്രായപൂർത്തിയാകാത്ത മകനോടൊപ്പം എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു അയൽപക്കത്തേക്ക് മാറാനാവുമെന്നതിൽ ഏറെ സന്തോഷിച്ചു അവർ. എന്നാൽ, പ്രതീക്ഷിക്കപ്പുറത്തായിരുന്നു കാര്യങ്ങൾ. താമസം മാറുന്നതിന് മുമ്പുതന്നെ 462 യൂണിറ്റുകളുള്ള ഭവന സമുച്ചയത്തിലെ 33 താമസക്കാർ ജില്ല കലക്ടർക്കും മറ്റ് അധികൃതർക്കും പരാതി നൽകി. ആ സമുച്ചയത്തിലെ ഏക മുസ്‍ലിം അവർ മാത്രമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി സംഭവം റിപ്പോർട്ട് ചെയ്ത ഇന്ത്യൻ എസ്ക്പ്രസ് പറയുന്നു.

തനിക്ക് അനുവദിച്ച വീട് റദ്ദാക്കണമെന്നാവശ്യ​പ്പെട്ട് 2020ൽ അവിടുത്തെ മറ്റ് താമസക്കാർ യു.പി മുഖ്യമന്ത്രിയുടെ ഓഫിസിന് കത്തെഴുതിയതോടെയാണ് പ്രതിഷേധം ആരംഭിച്ചതെന്ന് 44 കാരി പറയുന്നു. എന്നാൽ, ഹാർനി പോലീസ് സ്റ്റേഷൻ ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും മൊഴി രേഖപ്പെടുത്തുകയും പരാതി അവസാനിപ്പിക്കുകയും ചെയ്തു.

ഇതേ വിഷയത്തിൽ അടുത്തിടെ ജൂൺ 10 ന് പ്രതിഷേധം വീണ്ടും പ്രതിഷേധം നടന്നതോടെയാണ് ഇവരുടെ പ്രതീക്ഷക്ക് വീണ്ടും അടിയേറ്റത്. ‘വഡോദരയിലെ എല്ലാവരും ഇടകലർന്ന് ജീവിക്കുന്ന ചുറ്റുപാടിലാണ് ഞാൻ വളർന്നത്. എന്റെ കുടുംബം ഒരിക്കലും ഒരു പ്രത്യേക വിഭാഗക്കാരുടെ കോളനി എന്ന സങ്കൽപ്പത്തിൽ വിശ്വസിച്ചിരുന്നില്ല. എന്റെ മകൻ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു അയൽപക്കത്തിൽ വളരണമെന്ന് ഞാനെപ്പോഴും ആഗ്രഹിച്ചിരുന്നു. ഏകദേശം ആറ് വർഷമായി ആ സ്വപ്നങ്ങൾ തകർന്നിട്ട്. എനിക്കു നേരെയുള്ള എതിർപ്പിന് ഇതുവരെ പരിഹാരമായില്ല. 12-ാം ക്ലാസിലാണിപ്പോൾ എന്റെ മകൻ. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ തക്ക പ്രായമായി. വിവേചനം അവനെ മാനസികമായി ബാധിക്കുമെന്നും അവർ പരിതപിക്കുന്നു.

‘പൊതുതാൽപര്യ പ്രകാരം’ എന്ന് കാണിച്ചാണ് ജില്ല കലക്ടർ, മേയർ, വി.എം.സി കമീഷണർ, വഡോദര പൊലീസ് കമീഷണർ എന്നിവർക്ക് സമർപിച്ച പരാതിയിൽ ഒപ്പിട്ട 33 പേർ ഗുണഭോക്താവിന് അനുവദിച്ച വാസസ്ഥലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കോളനി നിവാസികൾക്കിടയിൽ മുസ്‍ലിം കുടുംബങ്ങളെ താമസിക്കാൻ അനുവദിച്ചാൽ ‘ക്രമസമാധാന പ്രതിസന്ധി’ ഉണ്ടാവുമെന്നും ഗുണഭോക്താവിനെ മറ്റൊരു ഭവന പദ്ധതിയിലേക്ക് മാറ്റണമെന്നുമാണ് അവരുടെ ആവശ്യം.

‘2019 മാർച്ചിൽ വഡോദര മുനിസിപ്പൽ കോർപറേഷൻ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഒരു ഗുണഭോക്താവിന് K204 നമ്പർ വീട് അനുവദിച്ചിരുന്നു. ഹാർനി ഹിന്ദു ആധിപത്യമുള്ള ഒരു സമാധാന പ്രദേശമാണെന്നും മുസ്‌ലിംകൾ ഇവിടെ താമസിക്കുന്നില്ലെന്നുമാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. ഏകദേശം നാല് കിലോമീറ്റർ ചുറ്റളവിൽ 461 കുടുംബങ്ങളുടെ സമാധാനപരമായ ജീവിതത്തിന് തീയിടുന്നതിന് തുല്യമാണ് ഇത്…” എന്നാണ് മൊത്‌നാഥ് റെസിഡൻസി കോഓപ്പറേറ്റിവ് ഹൗസിങ് സർവിസസ് സൊസൈറ്റി ലിമിറ്റഡിന്റെ നിവേദനത്തിൽ പറയുന്നത്.

ഹിന്ദു അയൽപക്കമായതിനാൽ ഈ കോളനിയിൽ ഞങ്ങളെല്ലാവരും വീടുകൾ ബുക്ക് ചെയ്തിട്ടുണ്ട്. മറ്റു മത പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ ഈ കോളനിയിൽ താമസിക്കുന്നത് ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. ഇത് ഇരുകൂട്ടരുടെയും ആശ്വാസത്തിന് വേണ്ടിയാണെന്നും അതിൽ പറയുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഹൗസിങ് കോളനിയിലെ നിരവധി കുടുംബങ്ങൾ മാംസാഹാരികളാണെന്ന് സമ്മതിക്കുന്ന യുവതിയുടെ ഒരു അയൽവാസി മറ്റൊരു മതപരമായ സ്വത്വം പേറുന്നവർ താമസക്കാർക്കിടയിൽ ആശങ്കയുണ്ടാക്കുമെന്നും പറയുന്നു.

വഡോദരയിലെ മറ്റൊരു പ്രദേശത്താണ് യുവതി ഇപ്പോൾ മാതാപിതാക്കളോടും മകനോടുമൊപ്പം താമസിക്കുന്നത്. ‘കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്ത് എതിർപ്പ് കാരണം വിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കോളനിയിലെ മാനേജിങ് കമ്മിറ്റിയുമായി പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ പ്രതികരിച്ചില്ല. എന്നാൽ, ഏറ്റവും പുതിയ പ്രതിഷേധവുമായി താമസക്കാർ ഇറങ്ങുന്നതിന്റെ രണ്ട് ദിവസം മുമ്പ് മെയിന്റനൻസ് കുടിശ്ശിക ആവശ്യപ്പെട്ട് അവരെന്നെ വിളിച്ചു. എനിക്ക് കൈമാറാത്ത റസിഡന്റ് സർട്ടിഫിക്കറ്റ് നൽകിയാൽ ആവശ്യപ്പെട്ട തുക നൽകാൻ തയ്യാറാണെന്ന് ഞാൻ പറഞ്ഞു. എല്ലാ താമസക്കാരിൽനിന്നും ഒറ്റത്തവണ അറ്റകുറ്റപ്പണി ചാർജായി 50,000 രൂപ വി.എം.സി ഇതിനകം വാങ്ങിയിരുന്നു. അത് ഞാനടച്ചിട്ടുണ്ട്. ഹൗസിങ് കോളനിയിൽ താമസിക്കാനുള്ള അവകാശം സർക്കാർ എനിക്ക് നിഷേധിച്ചിട്ടില്ലാത്തതിനാൽ പ്രശ്നത്തിൽ നിയമപരമായ വഴി തേടാനാകുമോ എന്ന് എനിക്ക് ഉറപ്പില്ല.

എന്നാൽ, കോളനിയിലെ മറ്റൊരു താമസക്കാരൻ ഗുണഭോക്താവിന് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. ഒരു സർക്കാർ പദ്ധതിയുടെ ഗുണഭോക്താവായതിനാലും നിയമ വ്യവസ്ഥകൾക്കനുസരിച്ച് ഫ്ലാറ്റ് അനുവദിച്ചതിനാലും എതിർപ്പ് അന്യായമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

സർക്കാർ പദ്ധതികൾ അപേക്ഷകരെയും ഗുണഭോക്താക്കളെയും മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കാത്തതിനാൽ മാനദണ്ഡങ്ങളനുസരിച്ചാണ് ഗുണഭോക്താവിനെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പ് നടത്തിയതെന്ന് വി.എം.സിയുടെ ഭവനവകുപ്പ് ഉദ്യോഗസ്ഥർ പ്രതകരിച്ചതെന്ന് ഇന്ത്യൻ എസ്ക്പ്രസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് ഇരുകൂട്ടരും കോടതിയെ സമീപിച്ച് പരിഹരിക്കേണ്ട വിഷയമാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarathVadodaraAnti Muslim Propaganda
News Summary - Muslim woman allotted flat under CM scheme in Vadodara, residents protest
Next Story