അമ്പലത്തിൽ കയറി നമസ്കരിച്ചു; യു.പിയിൽ മുസ്ലിം യുവതിയും മകളും അറസ്റ്റിൽ
text_fieldsഅമ്പലത്തിൽ കയറി നമസ്കരിച്ചെന്ന കേസിൽ യു.പിയിൽ യുവതിയും മകളും അറസ്റ്റിൽ. ബറേലി ജില്ലയിലെ ഭൂത പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കേസർപൂർ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം. സജിന (45), മകൾ സബീന (19) എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്ര പരിസരത്ത് ഇവർ നമസ്‌കാരിച്ചതായാണ് പൊലീസ് പറയുന്നത്. ഇവരെ നമസ്‌കരിക്കാൻ പ്രേരിപ്പിച്ചതിന് ഒരു മൗലവിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൗലവി ചമൻ ഷാ എന്നയാളാണ് യുവതിയേയും മകളേയും അമ്പലത്തിൽ നമസ്കരിക്കാൻ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു. അങ്ങനെ ചെയ്താൽ ജീവിതത്തിൽ ഭാഗ്യമുണ്ടാകുമെന്ന് ഇരുവരേയും ധരിപ്പിക്കുകയായിരുന്നു. ‘മൂവരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന), 295 എ (ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ) പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
‘സംഭവം വർഗീയ വിദ്വേഷം പരത്തുന്നവർ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പൊലീസിനെയും പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി (പിഎസി) ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്’-പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള രാജേഷ് കുമാർ മിശ്ര പറഞ്ഞു.
ഉച്ചയോടെ ശിവക്ഷേത്രത്തിലെത്തിയ സജിനയും സബീനയും പെട്ടെന്ന് ക്ഷേത്രപരിസരത്ത് നമസ്‌കരിക്കാൻ തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. അവിടെയുണ്ടായിരുന്നവർ എതിർത്തെങ്കിലും ഇരുവരും പ്രാർഥന തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.