മുസ്‍ലിം വനിതകൾക്ക് മുൻ ഭർത്താവിൽ നിന്നും ജീവനാംശം തേടാമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മുസ്‍ലിം വ്യക്തി നിയമപ്രകാരം വിവാഹമോചിതയായ മുസ്‍ലിം സ്ത്രീക്കും ക്രിമിനൽ നടപടി ക്രമത്തിലെ മതേതര വ്യവസ്ഥ പ്രകാരം മുൻ ഭർത്താവിൽനിന്ന് ചെലവിന് തേടാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഭാര്യയെ വിവാഹമോചനം ചെയ്യുന്ന മുസ്‍ലിം പുരുഷൻ 1986ലെ മുസ്‍ലിം വ്യക്തി നിയമപ്രകാരമുള്ള നഷ്ടപരിഹാരവും മറ്റു ആനുകൂല്യങ്ങളും നൽകിയാലും 1974ലെ ക്രിമിനൽ നടപടി ക്രമം (സി.ആർ.പി.സി) 125ാം വകുപ്പ് പ്രകാരം മാസം തോറും ചെലവിനുകൂടി നൽകണമെന്നാണ് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.
മുസ്‍ലിം വ്യക്തി നിയമപ്രകാരമുള്ള നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നൽകിയ താൻ സി.ആർ.പി.സി പ്രകാരം മുൻ ഭാര്യക്ക് 10,000 രൂപ ചെലവിനും കൊടുക്കണമെന്ന് വിധിച്ച തെലങ്കാന ഹൈകോടതി വിധി ചോദ്യം ചെയ്ത് മുൻ ഭർത്താവ് മുഹമ്മദ് അബ്ദുൽ സമദ് സമർപ്പിച്ച ഹരജിയാണ് ബെഞ്ച് തള്ളിയത്.
മുൻഭാര്യക്ക് മുസ്‍ലിം വ്യക്തിനിയമപ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് പുറമെ അബ്ദുസമദ് മാസം തോറും 20,000 രൂപ ചെലവിന് കൊടുക്കണമെന്ന കുടുംബകോടതി വിധിയാണ് കേസിനാധാരം. ഇതിനെതിരെ അബ്ദുസമദ് ഹൈകോടതിയെ സമീപിച്ചു. എന്നാൽ, ചെലവിന് നൽകേണ്ട തുക 10,000 രൂപയാക്കി കുറച്ചെങ്കിലും കുടുംബ കോടതിയുടെ നിലപാട് തത്ത്വത്തിൽ അംഗീകരിക്കുകയാണ് ഹൈകോടതി ചെയ്തത്. ഇത് ചോദ്യം ചെയ്താണ് അദ്ദേഹം സുപ്രീംകോടതിയിലെത്തിയത്.
ഒരു ഭർത്താവ് 1986ലെ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പാലിച്ച ശേഷവും സ്ത്രീക്ക് സ്വന്തമായി ചെലവിന് വകയില്ലാത്ത സാഹചര്യമുണ്ടായാൽ 1973ലെ ക്രിമിനൽ നടപടി ക്രമത്തിലെ 125ാം വകുപ്പ് പ്രകാരം കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതല്ലെങ്കിൽ, മുസ്‍ലിം വ്യക്തി നിയമപ്രകാരമുള്ള ബാധ്യതകളെല്ലാം നിറവേറ്റിയെന്നും ആ സ്ത്രീക്ക് സ്വന്തം ചെലവ് നടത്താൻ കഴിയുമെന്നും മുൻ ഭർത്താവിന് സ്ഥാപിക്കാനാകണം.
125ാം വകുപ്പ് പ്രകാരം ചെലവ് നേടിയശേഷം 1986ലെ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമുള്ള ആനുകൂല്യം തേടിയാൽ മാത്രമേ ക്രിമിനൽ നടപടി ക്രമത്തിലെ 127(3)(ബി) വകുപ്പിന്റെ അടിസ്ഥാനത്തിൽ ആദ്യവിധി റദ്ദാക്കാൻ കോടതിയെ സമീപിക്കാനാവൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇദ്ദ കാലയളവിൽ ചെലവിന് നൽകണമെന്ന മുസ്‍ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥ ചെലവിന് നൽകേണ്ടത് ഇദ്ദ കാലത്ത് മാത്രമാണെന്ന തരത്തിൽ വ്യാഖ്യാനിക്കരുത്. മറ്റ് വകയില്ലാത്ത വിവാഹമോചിതയുടെ പുനർവിവാഹം നടക്കുന്നതുവരെ ചെലവിന് നൽകണമെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയതാണെന്നും വിധിയിലുണ്ട്.
ക്രിമിനൽ നടപടിക്രമം 1973ലെ 125ാം വകുപ്പ്
സ്വന്തം നിലക്ക് ചെലവ് നടത്താനാകാത്ത ഭാര്യ, നിയമപരമായതോ അല്ലാത്തതോ ആയ കുട്ടികൾ, പ്രായപൂർത്തിയായിട്ടും വിവാഹിതരല്ലാത്ത പെൺമക്കൾ, പ്രായപൂർത്തിയായെങ്കിലും ശാരീരികവും മാനസികവുമായ വൈകല്യമോ പരിക്കോ ഉള്ളവർ, സ്വന്തമായി ചെലവിനില്ലാത്ത മാതാപിതാക്കൾ എന്നിവർക്ക് ഒരാൾ ചെലവിന് നൽകുന്നില്ലെങ്കിൽ മാസം തോറും ചെലവിന് നൽകാൻ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് വിധിക്കാം. ഭാര്യ എന്ന നിർവചനത്തിൽ വിവാഹമോചനം ചെയ്യപ്പെട്ട പുനർവിവാഹം കഴിഞ്ഞിട്ടില്ലാത്ത സ്ത്രീയും ഉൾപ്പെടുമെന്ന് ഈ വകുപ്പിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
മുസ്‍ലിം സ്ത്രീ (വിവാഹാവകാശ സംരക്ഷണ) നിയമം 1986ലെ മൂന്നാം വകുപ്പ്
വിവാഹമോചിതയായ മുസ്‍ലിം സ്ത്രീക്ക്
എ) യുക്തിസഹവും നീതിപൂർവകവുമായ ജീവനാംശം ഇദ്ദ കാലയളവിൽ നൽകണം.
ബി) വിവാഹമോചിതയായ സ്ത്രീക്കൊപ്പമുള്ള മക്കൾക്ക് രണ്ട് വയസ്സുവരെ ചെലവിന് നൽകണം
സി) വിവാഹസമയത്ത് നൽകിയ മഹ്റോ അതിന് തത്തുല്യമായ സംഖ്യയോ വിവാഹമോചിതക്ക് നൽകണം.
ഡി) വിവാഹവേളയിലോ അതിന് ശേഷമോ ബന്ധുക്കളോ സുഹൃത്തുക്കളോ ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ അവൾക്ക് നൽകിയ സ്വത്തുക്കളെല്ലാം നൽകണം
ജീവനാംശം സ്ത്രീയുടെമൗലികാവകാശം-ജസ്റ്റിസ് നാഗരത്ന
ന്യൂഡൽഹി: ക്രിമിനൽ നടപടി ക്രമം (സി.ആർ.പി.സി) 125ാം വകുപ്പ് സാമൂഹിക നീതിയുടെ മാനദണ്ഡമാണെന്നും ജീവനാംശം സ്ത്രീയുടെ മൗലികാവകാശമാണെന്നും അനുബന്ധ വിധിയിൽ ജസ്റ്റിസ് ബി.വി. നാഗരത്ന വ്യക്തമാക്കി.
സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാനുള്ള സി.ആർ.പി.സി 125ാം വകുപ്പ് ഭരണഘടനയുടെ 15(1), (3), 39(ഇ) അനുച്ഛേദങ്ങളുടെ സാക്ഷാത്കാരമാണ്. സംരക്ഷണം തേടുന്ന സ്ത്രീക്ക് ദ്രുതഗതിയിലുള്ള പരിഹാരം ലഭ്യമാക്കുന്ന വകുപ്പാണിത്. ഈ വകുപ്പിൽ നിന്ന് മുസ്‍ലിംകളെ പൂർണമായും മാറ്റിനിർത്തണമെന്ന നിയമനിർദേശങ്ങൾ പാർലമെന്റ് തള്ളിക്കളഞ്ഞതാണ്. അതിന് ശേഷമാണ് വിശദമായ ചർച്ചക്കൊടുവിൽ 1986ലെ നിയമം പാസാക്കിയതെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. ശാബാനു കേസിലെ വിധിയെ തുടർന്നാണ് ഈ നിയമ നിർമാണമെന്ന് അതിന്റെ ലക്ഷ്യങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.
ഇതുവഴി മുസ്‍ലിം സ്ത്രീക്ക് യുക്തിസഹവും നീതിപൂർവകവുമായ ജീവനാംശം നാലുമാസത്തെ ഇദ്ദ കാലയളവിൽ ലഭിക്കും. അവർക്കൊപ്പമുള്ള മക്കൾക്ക് രണ്ട് വയസ്സു വരെ ചെലവിന് കിട്ടും. വിവാഹസമയത്ത് നൽകിയ മഹ്റും വിവാഹവേളയിലോ അതിന് ശേഷമോ ലഭിച്ച സ്വത്തുക്കളും കിട്ടുമെന്നും ജസ്റ്റിസ് നാഗരത്ന തുടർന്നു. നിയമവിരുദ്ധമായ തലാഖിന് ശേഷവും സി.ആർ.പി.സി 125-ാം വകുപ്പ് പ്രകാരം ചെലവിന് അവകാശപ്പെടാം. മുത്തലാഖ് ക്രിമിനൽ കുറ്റകൃത്യമാക്കി നരേന്ദ്ര മോദി സർക്കാർ 2019ൽ പാസാക്കിയ നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം നിയമവിരുദ്ധ തലാഖിന് ശേഷം ഭർത്താവിൽനിന്ന് ചെലവിനായി കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് ബി.വി നാഗരത്ന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.