മുത്തലാഖ് വിധി: മുസ്ലിം വനിതകൾക്കിനി തലയുയർത്തി നടക്കാമെന്ന് ശയറാ ബാനു
text_fieldsന്യൂഡൽഹി: മുത്തലാഖ് കേസിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധിയോടെ മുസ്ലിം സ്ത്രീകൾക്ക് തലയുയർത്തി നടക്കാമെന്ന് നിയമപോരാട്ടം നടത്തിയ ശയറാബാനു. സുപ്രീകോടതിയുടെ വിധി മുസ്ലിം വിഭാഗങ്ങളുടെ നവോത്ഥാനത്തിലേക്കുള്ള നാഴികക്കല്ലാണെന്നും വിധിയെ സഹർഷം സ്വാഗതം ചെയ്യുന്നതായും അവർ പറഞ്ഞു.
ഉത്തരാഖണ്ഡിലെ കാശിപൂരിൽ കഴിഞ്ഞിരുന്ന തന്നെ 2015 ഒക്ടോബറിലാണ് സ്പീഡ് പോസ്റ്റ് വഴി ഭർത്താവ് മുത്തലാഖ് ചൊല്ലിയത്. രണ്ടുകുട്ടികളെ എങ്ങനെ വളർത്തികൊണ്ടുപോകണമെന്ന് അറിയില്ലായിരുന്നു. ആ സാഹചര്യത്തിലാണ് ബിസിനസുകാരാനായ ഭർത്താവ് റിസ്വാൻ അഹമ്മദിനെതിരെ നിയമനടപടിക്കൊരങ്ങിയത്. സഹോദരൻ അർഷാദാണ് തന്നെ ഡൽഹിയിലേക്ക് കൂട്ടികൊണ്ടുവന്നതും സുപ്രീംകോടതി അഭിഭാഷകൻ ബാലാജി ശ്രീനിവാസനെ പരിചയപ്പെടുത്തിയതും. പിന്നീട് താൻ നീതിക്കുവേണ്ടി പേരാടുകയായിരുന്നു.
മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്നും അത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിരുന്നു. നിയമപോരാട്ടത്തിനൊടുവിൽ തലാഖിലൂടെ ജീവിതം പെരുവഴിയിലായ മുസ്ലിം വനിതകൾക്ക് നീതി ലഭിച്ചിരിക്കയാണ്.
ഇത് ചരിത്രനിമിഷമാണ്. ഇനിയൊരു മുസ്ലിം സ്ത്രീക്കും ആരുടെയെങ്കിലും തോന്ന്യാസത്തിനും വ്യാമോഹങ്ങൾക്കും വഴിമാറികൊടുക്കേണ്ടിവരില്ല. എന്നാൽ മുസ്ലിം സമുദായത്തിൽ പരിഷ്കരണങ്ങൾക്ക് ഇനിയും സമയമെടുക്കും. ബഹുഭാര്യത്വത്തിനും നിക്കാഹ് ഹലാലക്കുമെതിരെ സ്ത്രീശബ്ദം ഉയർന്നുവരേണ്ടതുണ്ട്.
ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നിവ ഭരണഘടനവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. പ്രവാചകൻ പിന്തുണച്ചിട്ടില്ലാത്ത നടപടിയാണ് തലാഖ് എന്നും ശയറാബാനു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.