അനധികൃതമായി മരം മുറിക്കാനെത്തിയതെന്ന് സംശയം; ഫോറസ്റ്റ് ഉദ്യോഗസ്ഥരുൾപ്പെട്ട ആൾക്കൂട്ട ആക്രമണത്തിൽ മുസ്ലിം യുവാവ് കൊല്ലപ്പെട്ടു
text_fieldsജയ്പൂർ: കാട്ടിൽ നിന്നും അനധികൃതമായി മരം മുറിച്ച് കടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സംഘം മർദിച്ച യുവാക്കളിൽ ഒരാൾ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ അൽവാറിലായിരുന്നു സംഭവം. വസീം (27)എന്ന യുവാവാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വസീമിനോടൊപ്പമുണ്ടായിരുന്ന ആസിഫ്, അസ്ഹറുദ്ധീൻ എന്നിവർ ചികിത്സയിലാണ്.
ജീപ്പിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടിൽ വെച്ച് ഒരു സംഘം യുവാക്കളെ തടയുകയായിരുന്നു. കാട്ടിൽ നിന്നും ഇവർ അനധികൃതമായി മരം മുറിക്കാൻ ശ്രമിക്കുകയാണ് എന്ന് ആരോപിച്ച് യുവാക്കളെ ജീപ്പിൽ നിന്നും പുറത്തിറക്കിയ ശേഷം ഇവരെ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. പിന്നാലെ പരിക്കേറ്റവരെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യാത്രമധ്യേ യുവാക്കളിലൊരാൾ മരണപ്പെടുകയായിരുന്നു. മറ്റ് രണ്ട് പേരും ചികിത്സയിലാണ്.
സംഭവത്തിൽ കൊല്ലപ്പെട്ട വസീമിന്‍റെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണത്തിൽ പത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നാല് ഫോറസ്റ്റ് ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നുവെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അഡീഷണൽ എസ്.പി ജാഗരൺ മീണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.