ശുചിമുറിയിലെ ടാപ്പിൽ ജാക്കറ്റ് കുരുക്കി ജീവനൊടുക്കിയെന്ന് പൊലീസ്; യു.പി കസ്റ്റഡി മരണത്തിൽ അഞ്ചു പൊലീസുകാർക്ക് സസ്പെൻഷൻ
text_fieldsകാസ്ഗഞ്ച്: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത 22കാരൻ പൊലീസ് സ്റ്റേഷനിൽ മരിച്ച സംഭവത്തിൽ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ശുചിമുറിയിലെ വെള്ള ടാപ്പിൽ ജാക്കറ്റ് കൊളുത്തി ജീവനൊടുക്കിയെന്ന വിചിത്ര വാദമാണ് മരണകാരണമായി പൊലീസ് പറയുന്നത്. എന്നാൽ, ബന്ധുക്കൾ കസ്റ്റഡി മരണം ആരോപിച്ച് രംഗത്തുവന്നു.
സ്ത്രീയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം ചെയ്തുവെന്ന പരാതിയിൽ ചോദ്യം ചെയ്യാനായി പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത അൽത്താഫ് ആണ് മരിച്ചത്. കഴിഞ്ഞ ആഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച അൽത്താഫ് ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും അൽപസമയം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് പൊലീസ് പരിശോധിച്ചപ്പോൾ അകത്ത് വീണുകിടക്കുന്നതാണ് കണ്ടതെന്നും കാസ്ഗഞ്ച് പൊലീസ് മേധാവി രോഹൻ പ്രമോദ് ബോത്റെ ട്വിറ്ററിൽ വിശദീകരിച്ചു.
''അൽത്താഫ് ധരിച്ചിരുന്ന ജാക്കറ്റ് ശുചിമുറിയിലെ ടാപ്പിൽ കൊളുത്തി കഴുത്തുമുറുകിയ നിലയിലായിരുന്നു. അബോധാവസ്ഥയിൽ അൽത്താഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏതാനും മിനിറ്റുകൾക്കകം മരിച്ചു''-പൊലീസ് മേധാവി പറയുന്നു. പൊലീസിെൻറ ഭാഗത്തുനിന്നുള്ള അനാസ്ഥ കണക്കിലെടുത്ത് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുവെന്നും ബോത്റെ പറഞ്ഞു.
അതേസമയം, മരണത്തിൽ പൊലീസിന് പങ്കുണ്ടെന്ന് അൽത്താഫിെൻറ പിതാവ് ചാന്ദ് മിയാൻ ആരോപിച്ചു. ''ഞാനാണ് എെൻറ മകനെ പൊലീസിൽ ഏൽപിച്ചത്. അവെൻറ മരണത്തിൽ പൊലീസിന് പങ്കുണ്ട്'' -മിയാൻ പറഞ്ഞു.
ഇതിനിടെ, ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതായും പൊലീസുകാരെ സസ്പെൻഡ് ചെയ്തത് മുഖംരക്ഷിക്കാനുള്ള നടപടിയാണെന്നും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചു. ബി.ജെ.പി ഭരണത്തിൽ പൊലീസിെൻറ വിശ്വാസ്യത തിരിച്ചുകൊണ്ടുവരുന്നതിന് ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനുകളിലും സി.ബി.ഐ, എൻ.ഐ.എ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങി എല്ലാ അന്വേഷണ ഏജൻസികളുടെ ഓഫിസുകളിലും ചോദ്യം ചെയ്യൽ മുറികളിലും രാത്രി കാഴ്ച അടക്കം കാണാവുന്നതും ശബ്ദം റെക്കോഡ് ചെയ്യാവുന്നതുമായ സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന് കഴിഞ്ഞ ഡിസംബറിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഉത്തർപ്രദേശിൽ എത്ര പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട് എന്നത് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.