മമതയുടെ ഭരണത്തിൽ മുസ് ലിംകൾ ഒറ്റപ്പെട്ടു- അസദുദ്ദീൻ ഉവൈസി
text_fieldsകൊൽക്കത്ത: ബംഗാളിൽ മമത ബാനർജിയുടെ ഭരണത്തിന് കീഴിൽ മുസ്ലിംകൾ ഒറ്റപ്പെട്ടുവെന്ന് എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസസുദ്ദീൻ ഉവൈസി. സംസ്ഥാനത്തെ മുസ് ലിം വോട്ടർമാർക്ക് വേണ്ടി മമത ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വിമർശിച്ചു. ബിഹാറിലെ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ വിജയം കൈവരിച്ച മജലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ ബംഗാളിലും മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഉവൈസിയുടെ മമതക്കെതിരെയുള്ള കടന്നാക്രമണം.
ബംഗാളിലെ മുസ് ലിങ്ങളുടെ സാമൂഹിക- സാമ്പത്തിക സാഹചര്യം മറ്റ് പ്രദേശങ്ങളേക്കാൾ മോശമാണ്. മമത ബാനർജിയുടെ ഭരണത്തിന് കീഴിൽ മുസ് ലിങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തിൽ നിന്നുമാണ് ഇക്കാര്യം പറയുന്നത്. കൂടാതെ കണക്കുകളും ഇതുതന്നെ പറയുന്നു- ഉവൈസി കൂട്ടിച്ചേർത്തു.
2019ൽ ബംഗാളിൽ ബി.ജെ.പി ഉണ്ടാക്കിയ നേട്ടം മതേതര പാർട്ടികളുടെ പരാജയമാണ് കാണിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വികാരങ്ങൾ സംരക്ഷിക്കുന്നതിൽ അവർ പരാജയപ്പെട്ടിരിക്കുന്നു. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായ മൗസം നൂർ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മാൽഡ സീറ്റിൽ പരാജയപ്പെട്ടത് എല്ലാവരുടേയും കണ്ണുതുറപ്പിക്കേണ്ടതാണ്. മുസ്ലിങ്ങൾ ഒരു ബദലിന് വേണ്ടി കാത്തിരിക്കുകയാണ്. ഉവൈസി പറഞ്ഞു.
പശ്ചിമ ബംഗാളിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. പക്ഷെ പാർട്ടിയുടെ പ്രാദേശിക ഘടകങ്ങൾ ഈ വെല്ലുവിളി ഏറ്റെടുക്കാൻ സന്നദ്ധമാണോ എന്നറിയേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് വ്യത്യസ്തമായ ഒരു കളിയാണ്. ഞാൻ കൊൽക്കത്തയിലേക്ക് പോകുകയോ മറ്റൊരിടത്ത് മീറ്റിങ് നടത്തുകയും ചെയ്തതിനുശേഷം തീരുമാനമെടുക്കും. പാർട്ടി ബംഗാളിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ഉടൻതന്നെ തീരുമാനം എടുക്കുമെന്നും ഉവൈസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.