ഹരിദ്വാറിൽ ഭൂമി വാങ്ങാൻ മുസ്ലിംകൾക്ക് വിലക്ക്
text_fieldsഹരിദ്വാർ: തീർഥാടകരും വിനോദസഞ്ചാരികളും വന്നു നിറയുന്ന പുരാതന നഗരമാണ് ഹരിദ്വാർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ തീർഥാടകർ എത്തിച്ചേരുന്ന പ്രദേശം മാത്രമല്ല, മുസ്ലിംകൾക്ക് വസ്തു വാങ്ങാൻ കഴിയാത്ത നഗരം കൂടിയാണ് ഹരിദ്വാർ. കൂടുതൽ തീർഥാടകർ എത്തുന്ന കൻഖാൽ, മായാപൂർ എന്നീ മേഖലകളിൽ മുസ്ലിംകൾക്ക് പ്രവേശനവും നിഷേധിച്ചിരിക്കുകയാണ്. ഹരിദ്വാർ മേയർ അനിത ശർമയുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ അശോക് ശർമയാണ് 'ഇന്ത്യ ടുമാറോ' എന്ന വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ ഈ വിവരം വെളിപ്പെടുത്തിയത്.
ദിനേന വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി മുസ്ലിംകൾ ഹരിദ്വാറിൽ കച്ചവടത്തിനും ബിസിനസുകാരുടെയും ഉദ്യോഗസ്ഥരുടെയും വീടുകളിൽ ജോലിക്കായും എത്തുന്നുണ്ട്.
തീർഥാടനത്തിനെത്തുന്ന ഭക്തരുടെ തല മുണ്ഡനം ചെയ്യുന്ന ക്ഷുരകന്മാരിൽ ഏറെയും മുസ്ലിംകളാണ്. തീർഥാടന ശേഷം ഭക്തർ ഗംഗാജലം ശേഖരിച്ചുകൊണ്ടുപോകുന്ന 'കൻവർ' നിർമിക്കുന്നത് ഹരിദ്വാറിന് സമീപത്തെ ബിജ്നോർ, ജ്വാലപൂർ എന്നിവിടങ്ങളിലെ മുസ്ലിംകളാണ്. പ്ലംബിങ്ങും വയറിങ്ങും ചെയ്യുന്ന നിരവധി മുസ്ലിംകൾ ഹരിദ്വാറിലുണ്ട്. ഹരിദ്വാറിലെ ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള നിരവധി വർക്ക്ഷോപ്പുകളിൽ മുസ്ലിംകളാണ് പണിക്കാർ. എന്നിട്ടും ഹരിദ്വാറിൽ സ്ഥലം വാങ്ങാൻ മുസ്ലിംകൾക്ക് കഴിയുന്നില്ലെന്നും അശോക് ശർമ ചൂണ്ടിക്കാട്ടി.
ഹിന്ദുക്കളും മുസ്ലിംകളും സൗഹാർദത്തോടെ കഴിയുന്ന ഹരിദ്വാറിൽ വിഷംവമിപ്പിക്കാൻ ചില ഹിന്ദു നേതാക്കൾ ശ്രമിക്കുകയാണെന്ന് അശോക് ശർമ കുറ്റപ്പെടുത്തി. അടുത്തിടെയാണ് മുസ്ലിംകളെ വംശഹത്യ ചെയ്യണമെന്ന് ഹിന്ദു മതനേതാവ് സ്വാമി യതി നരസിംഹാനന്ദ് ഹരിദ്വാറിന്റെ മണ്ണിൽനിന്ന് ആഹ്വാനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.