‘ക്ഷേത്ര മൈതാനത്ത് നിർമിച്ച പള്ളികളിൽ നിന്ന് സ്വയം ഒഴിഞ്ഞുപോകുന്നതാണ് നല്ലത്’; മുസ്‍ലിംകൾക്ക് ഭീഷണിയുമായി ബി.ജെ.പി എം.എൽ.എ
text_fieldsന്യൂഡൽഹി: ക്ഷേത്ര മൈതാനത്ത് നിർമിച്ച പള്ളികളിൽ നിന്ന് മുസ്‍ലിംകളെ പുറത്താക്കുമെന്ന വിവാദ പരാമർശവുമായി ശിവമോഗയിലെ ബി.ജെ.പി എം.എൽ.എ കെ.എസ്. ഈശ്വരപ്പ. മുസ്‍ലിംകൾ ഒഴിഞ്ഞുപോകാൻ തയാറാകാത്ത പക്ഷം വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെലഗാവിയിൽ നടന്ന യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ഈശ്വരപ്പയുടെ പരാമർശം. അയോധ്യക്ക് പുറമെ മറ്റ് രണ്ട് സ്ഥലങ്ങൾ കൂടി പരിഗണനയിലുണ്ട്. അതിലൊന്ന് മഥുരയിലെ ഷാഹി ഈദ്ഗാഹ് ആണ്. കോടതി വിധി വന്നാൽ ഉടൻ ക്ഷേത്ര നിർമാണം ആരംഭിക്കുമെന്നും ഈശ്വരപ്പ പറഞ്ഞു. മുസ്‍ലിംകൾ പള്ളികളിൽനിന്ന് സ്വയം ഒഴിയുന്നതാണ് നല്ലത്. അല്ലാത്തപക്ഷം കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും നാശനഷ്ടങ്ങളുടെ കണക്കിൽ വ്യക്തതയുണ്ടായെന്ന് വരില്ലെന്നും ഈശ്വരപ്പ പറഞ്ഞതായാണ് റിപ്പോർട്ട്.
നേരത്തെയും മുസ്‍ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയതിലൂടെ വിവാദനായകനാണ് കെ.എസ്. ഈശ്വരപ്പ. കഴിഞ്ഞ വർഷം ഡിസംബറിലും ഇയാൾ സമാന പരാമർശവുമായി രംഗത്തെത്തിയിരുന്നു. ക്ഷേത്ര ഭൂമിയിൽ പണിത പള്ളികൾ നിലനിൽക്കാൻ അനുവദിക്കില്ലെന്നും അവ പൊളിച്ചുനീക്കുമെന്നുമായിരുന്നു ഈശ്വരപ്പയുടെ പരാമർശം. കർണാടക തെരഞ്ഞെടുപ്പ് വേളയിൽ വിജയിക്കാൻ തങ്ങൾക്ക് മുസ്‍ലിം വോട്ടുകൾ ആവശ്യമില്ലെന്നും ഈശ്വരപ്പ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.