മുസ്‍ലിംകൾ ലക്ഷ്മി ദേവിയെയും സരസ്വതിയെയും ആരാധിക്കുന്നില്ല, എന്നിട്ടും അവർക്ക് സമ്പത്തും വിദ്യാഭ്യാസവുമില്ലേ? -ബി.ജെ.പി എം.എൽ.എയുടെ പരാമർശത്തിനെതിരെ പ്രതിഷേധം
text_fieldsപട്ന: ഹിന്ദു ദേവതകളെ മുസ്‍ലിംകളുടെ വിശ്വാസവുമായി താരതമ്യം ചെയ്ത് പ്രസംഗിച്ച ബിഹാറിലെ ബി.ജെ.പി എം.എൽ.എക്കെതിരെ പ്രതിഷേധം. ബിഹാറിലെ ഭഗൽപൂർ ജില്ലയിലെ പിർപെയ്ന്റി നിയോജക മണ്ഡലത്തിൽ നിന്നുള്ള ലാലൻ പാസ്വാൻ ആണ് പുലിവാല് പിടിച്ചത്.
''ലക്ഷ്മി ദേവിയെ ആരാധിക്കുന്നവർക്ക് മാത്രമേ ധനമുണ്ടാവുകയുള്ളൂ. അങ്ങനെയെങ്കിൽ മുസ്‍ലിംകളുടെ കൂട്ടത്തിൽ ശതകോടീശ്വരൻമാർ ഉണ്ടാകില്ലല്ലോ? മുസ്‍ലിംകൾ ലക്ഷ്മി ദേവിയെ ആരാധിക്കുന്നില്ല. അവർ സമ്പന്നരല്ലേ? മുസ്‍ലിംകൾ സരസ്വതി ദേവിയെയും ആരാധിക്കുന്നില്ല. അവരുടെ കൂട്ടത്തിൽ വിദ്യാസമ്പന്നർ ഇല്ലേ? അവരുടെ കൂട്ടത്തിൽ നിന്ന് ഐ.എ.എസുകാരും ഐ.പി.എസുകാരും ഇല്ലേ?"-എന്നായിരുന്നു എം.എൽ.എയുടെ ചോദ്യം.
ഭഗൽപൂരിലെ ഷെർമാരി ബസാറിൽ പ്രതിഷേധകർ എം.എൽ.എയുടെ കോലം കത്തിച്ചു. ആത്മാവ്, പരമാത്മാവ് എന്നിവ ജനങ്ങളുടെ സങ്കൽപം മാത്രമാണെന്നും ബി.ജെ.പി നേതാവ് അവകാശപ്പെടുകയുണ്ടായി.
വിശ്വസിക്കുന്നവർക്ക് അവർ ദേവതകളാണ്. അല്ലാത്തവർക്ക് വെറുമൊരു ശിലയും. ദേവൻമാരെയും ദേവതകളെയും ആരാധിക്കണോ എന്നതു സംബന്ധിച്ച് നമ്മൾക്കിടയിൽ തന്നെ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ശാസ്ത്രത്തെ ആധാരമാക്കി ഒരു നിഗമനത്തിൽ എത്തുന്നതാണ് നല്ലത്. വിശ്വാസം ഇല്ലാതാകുമ്പോൾ, നിങ്ങളുടെ ബൗദ്ധിക ശക്തി വർധിക്കുന്നു.
ബജ്റംഗ്ബാലിയിൽ വിശ്വസിക്കുന്നവർക്ക് അധികാരവും ശക്തിയും ഉണ്ടാകുമെന്നൊരു വിശ്വാസമുണ്ട്. മുസ്‍ലിംകളും ക്രിസ്ത്യാനികളും അതിൽ വിശ്വസിക്കുന്നതില്ല. അവർക്ക് അധികാരവും ശക്തിയും ഇല്ല എന്നുണ്ടോ? ഇത്തരം വിശ്വാസങ്ങൾ അവസാനിപ്പിച്ചാൽ തന്നെ എല്ലാ കാര്യങ്ങളിലും ഒരു തീരുമാനമുണ്ടാകുമെന്നും പാസ്വാൻ കൂട്ടിച്ചേർത്തു. ദീപാവലിക്ക് ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിനെയും പാസ്വാൻ ചോദ്യം ചെയ്തു. ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവുമായി നടത്തിയ സംഭാഷണം പുറത്തായപ്പോഴും പാസ്വാൻ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.