നാടുവിട്ട് മുസ്‌ലിം കുടുംബങ്ങൾ; ബിൽക്കീസ് ബാനു കേസിൽ കുറ്റവാളികളെ വിട്ടയച്ചതോടെ ഭയം
text_fieldsഗാന്ധിനഗർ: ബിൽക്കീസ് ബാനു കേസിൽ കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട് 11 കൊടുംകുറ്റവാളികളെ ശിക്ഷ ഇളവ് നൽകി ഗുജറാത്ത് സർക്കാർ ജയിലിൽനിന്നും വിട്ടയച്ചതിന് പിന്നാലെ നാടുവിട്ട് മുസ്‌ലിം കുടുംബങ്ങൾ. രാന്ദിക്പൂർ ഗ്രാമത്തിലെ മുസ്‌ലിം കുടുംബങ്ങളാണ് തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പോയത്.
കുറ്റവാളികളെ വീണ്ടും ജയിലിൽ അടച്ചാൽ മാത്രമേ നാട്ടിലേക്ക് മടങ്ങൂ എന്ന് നിലവിൽ ദേവ്ഗധ് ബാരിയ എന്ന സ്ഥലത്ത് തങ്ങുന്ന കുടുംബങ്ങൾ പറയുന്നു. തങ്ങൾക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ദേവ്ഗധ് ബാരിയയിലെ ക്പഡി എന്ന സ്ഥലത്തെ റഹീമാബാദ് കോളനിയിലാണ് ഇവർ കഴിയുന്നത്. നിരവധി കുടുംബങ്ങളാണ് രാന്ദിക്പൂർ ഗ്രാമത്തിൽനിന്നും പലായനം ചെയ്ത് ഇവിടെ എത്തിയിരിക്കുന്നത്. ബിൽക്കീസ് ബാനുവും കുടുംബവും ഇവിടെയാണ് ജീവിക്കുന്നത്.
'11 പേരെയും വിട്ടയച്ചപ്പോൾ അവർ പടക്കം പൊട്ടിച്ചും ബാൻഡ് മേളങ്ങളോടെയും ആഘോഷിക്കുകയായിരുന്നു. അതോടെ ഞങ്ങൾക്ക് ഭയമായി. അങ്ങനെയാണ് നാടു വിടാൻ തീരുമാനിച്ചത്. വിട്ടയച്ച കുറ്റവാളികളെ വീണ്ടും ജയിലിലാക്കണമെന്നും ബിൽക്കീസ് ബാനുവിന് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ദാഹോദ് കലക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. അത് സംഭവിക്കുന്നില്ലെങ്കിൽ ഞങ്ങൾക്ക് തിരികെ ഗ്രാമത്തിലേക്ക് പോകില്ല' -സമീർ ഗാച്ചി എന്നയാൾ ഇന്ത്യാ ടുഡേയോട് പറഞ്ഞു.
സംഭവത്തിൽ ഗുജറാത്ത് സർക്കാറിന് നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഗുജറാത്ത് സർക്കാറിന്റെ വിവാദ നടപടിക്കെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, സി.പി.എം നേതാവ് സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലോൽ, പ്രഫ. രൂപ് രേഖ് വർമ എന്നിവർ സമർപ്പിച്ച ഹരജികളിൽ ജയിൽമോചിതരായ 11 കുറ്റവാളികളെയും സുപ്രീംകോടതി കക്ഷിചേർത്തിട്ടുണ്ട്.
കുറ്റവാളികളുടെ കൃത്യം ഭയാനകമാണെന്നതുകൊണ്ട് മാത്രം ശിക്ഷാ ഇളവ് നൽകിയത് തെറ്റാണെന്ന് പറയാൻ പറ്റുമോ എന്നാണ് ജസ്റ്റിസ് രസ്തോഗി ചോദിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവർക്ക് ദിനേനെയെന്നോണം ഇളവ് ലഭിക്കുന്നുണ്ടെന്നും ഈ കേസിൽ എന്താണ് വ്യത്യാസമെന്നും അദ്ദേഹം ചോദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.