വന്നു കണ്ടുനോക്കൂ... ഇന്ത്യയിൽ മുസ്ലിംകൾ പാകിസ്താനിലേക്കാൾ സുരക്ഷിതരാണ്- നിർമ്മല സീതാരാമൻ
text_fieldsവാഷിങ്ടൺ: ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരേ അതിക്രമങ്ങൾ നടക്കുന്നുവെന്നത് തെറ്റായ പാശ്ചാത്യ പ്രചാരണം മാത്രമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയിൽ മുസ്ലിംകൾ പാകിസ്താനിലേക്കാൾ സുരക്ഷിതരാണെന്നും സ്ഥിതിഗതികൾ മനസ്സിലാക്കാൻ വന്ന് കണ്ടു നോക്കൂ എന്നും അവർ ആവശ്യപ്പെട്ടു. യു.എസിൽ പീറ്റേഴ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷനൽ ഇക്കണോമിക്‌സിൽ (പി.ഐ.ഐ.ഇ) ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷിയും വളർച്ചയും സംബന്ധിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിൽ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരേ നടക്കുന്ന അതിക്രമങ്ങൾ, പ്രതിപക്ഷ എം.പിമാരെ അയോഗ്യരാക്കൽ എന്നിവയെപറ്റി പാശ്ചാത്യമാധ്യമങ്ങളിൽ വരുന്ന വാർത്തകളെക്കുറിച്ച് പി.ഐ.ഐ.ഇ പ്രസിഡന്‍റ് ആഡം എസ് പോസണിന്‍റെ ചോദ്യത്തോട് പ്രതികരിക്കുകായിരുന്നു അവർ.
"അതിനുള്ള ഉത്തരം ഇന്ത്യയിലേക്ക് വരുന്ന നിക്ഷേപകരിൽ ഉണ്ടെന്ന് ഞാൻ കരുതുന്നു, അവർ വന്നുകൊണ്ടിരിക്കുന്നു. നിക്ഷേപങ്ങൾ സ്വീകരിക്കാൻ താൽപ്പര്യമുള്ളവരാണെങ്കിൽ, ഇന്ത്യ സന്ദർശിക്കാത്തവർ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ കേൾക്കുന്നതിനുപകരം ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന്, വന്ന് കണ്ട് നോക്കൂ എന്ന് മാത്രമേ ഞാൻ പറയൂ." മന്ത്രി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ആ ജനസംഖ്യ വളരുകയാണ്. നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന പ്രചാരണങ്ങളിൽ എന്തെങ്കിലും യാഥാർഥ്യമുണ്ടെങ്കിൽ, ഭരണകൂടം അവരുടെ ജീവിതം ദുഷ്കരമാക്കുന്നുണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കുമോ?, മുസ്‌ലിം ജനസംഖ്യ 1947ൽ ഉണ്ടായിരുന്നതിനേക്കാൾ വളരുമായിരുന്നോ എന്നും ധനമന്ത്രി ചോദിച്ചു.
ഇന്ത്യൻ മുസ്‌ലിംകളുടെ അവസ്ഥ പാകിസ്താനിലെ മുസ്‌ലിംകളെക്കാൾ മെച്ചമാണ്. പാകിസ്താനിൽ ശിയാ, മുഹാജിർ വിഭാഗങ്ങൾക്കെതിരേ അക്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ എല്ലാ വിഭാഗം മുസ്‌ലിംകളും അവരുടെ ജീവിതം കെട്ടിപ്പടുക്കുന്നതും കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതും കാണാൻ കഴിയുന്നുണ്ട്. അവർക്ക് സർക്കാർ ഫെല്ലോഷിപ്പ് നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.
ഇന്ത്യയിലുടനീളം മുസ്‌ലിംകൾക്കെതിരേ അക്രമം നടക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണ്. 2014 ന് ശേഷം ജനസംഖ്യ കുറഞ്ഞോ? ഏതെങ്കിലും ഒരു പ്രത്യേക സമൂഹത്തിൽ മരണങ്ങൾ അനുപാതമില്ലാതെ ഉയർന്നിട്ടുണ്ടോ? അതിനാൽ, ഈ റിപ്പോർട്ടുകൾ എഴുതുന്ന ആളുകളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു. അവർ ഇന്ത്യയിൽ വന്ന് അവരുടെ വാദം തെളിയിക്കട്ടെ, ”നിർമല കൂട്ടിച്ചേർത്തു.
ലോക വ്യാപാര സംഘടന(ഡബ്ല്യു.ടി.ഒ) എല്ലാ രാജ്യങ്ങളുടെയും പ്രശ്നങ്ങളെ അഭിസംബോധന ചെയ്യണെന്നും കൂടുതൽ നീതിയുക്തമായിരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.