മുസ്‍ലിംകൾ പുനർവിചിന്തനം നടത്തേണ്ടത് അനിവാര്യം -മെയ്ൻപുരി, രാംപുർ ഉപതെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് മായാവതി
text_fieldsലഖ്നോ: യു.പി ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെ വിലയിരുത്തി ബഹുജൻ സമാജ്‍ പാർട്ടി നേതാവ് മായാവതി. മെയിൻപുരി ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ സമാജ്‍വാദി പാർട്ടിയുടെ വിജയവും രാംപൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ പരാജയവും ബി.ജെ.പിയുമായുള്ള ആഭ്യന്തര ഒത്തുകളിയുടെ ഫലമാണോ എന്നാണ് മായാവതിയുടെ ചോദ്യം. ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ വഞ്ചിതരാവാതിരിക്കാൻ മുസ്‍ലിംകൾ ഒരുപാട് ചിന്തിക്കണമെന്നും മായാവതി ഉപദേശിച്ചു.
മെയിൻപുരിയിൽ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ എസ്.പിയുടെ ഡിംപിൾ യാദവ് 2.88 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എതിരാളിയായ ബി.ജെ.പിയുടെ രഘുരാജ് സിങ് ഷാക്യയെ പരാജയപ്പെടുത്തിയത്. മുലായം സിങ് യാദവിന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മുലായം സിങ് യാദവിന്റെ മരുമകളാണ് ഡിംപിൾ.
അതേസമയം, എസ്.പി നേതാവ് അഅ്സം ഖാന്റെ ശക്തികേന്ദ്രമായ രാംപൂർ സദർ നിയമസഭ സീറ്റിൽ ബി.ജെ.പിയുടെ ആകാശ് സക്സേനയാണ് വിജയിച്ചത്. 34,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആകാശ് എസ്.പിയുടെ അസിം റാസയെ തോൽപിച്ചത്.
''മെയിൻപുരി ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ എസ്.പി വിജയിച്ചു. എന്നാൽ അഅ്സം ഖാന്റെ പ്രത്യേക മണ്ഡലത്തിൽ തോറ്റത് ഇരുകക്ഷികളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണോ?''എന്നായിരുന്നു മായാവതിയുടെ ട്വീറ്റ്. മുസ്‍ലിംകൾ ഇതെ കുറിച്ച് വളരെയധികം ചിന്തിക്കുകയും മനസിലാക്കുകയും ചെയ്യേണ്ടതുണ്ട്. അതുവഴി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വഞ്ചിക്കപ്പെടുന്നതിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും. ഖത്തൗലി നിയമസഭ സീറ്റിൽ ബി.ജെ.പിയുടെ പരാജയത്തെ കുറിച്ചും ധാരാളം സംശയങ്ങളുണ്ടെന്നും അവർ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.