മുസ്ലിം സമുദായം വിദ്യാഭ്യാസ രംഗത്ത് ഏറ്റവും പിന്നാക്കമെന്ന് വിദഗ്ധ സമിതി
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളിൽ വിദ്യാഭ്യാസപരമായി ഏറ്റവും പിന്നാക്കം നിൽക്കുന്നത് മുസ്ലിം സമുദായമാണെന്ന് കേന്ദ്ര സർക്കാർ സഹായത്തോടെ പഠനം നടത്തിയ വിദഗ്ധ സമിതി. കഴിഞ്ഞ ഡിസംബർ 29ന് മൗലാന ആസാദ് എജുക്കേഷൻ ഫൗണ്ടേഷൻ മുൻ കേന്ദ്ര സെക്രട്ടറി അഫ്സൽ അമാനുല്ലയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച 11 അംഗ സമിതി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിെൻറ സാമ്പത്തിക സഹായത്തോടെയാണ് സമിതി പഠനം നടത്തിയത്.
പിന്നാക്കാവസ്ഥ പരിഹരിക്കാൻ സർക്കാർ മൂന്നു തലങ്ങളിലായി മുസ്ലിം സമുദായത്തിെൻറ ഉന്നമനം ലക്ഷ്യമാക്കി കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങണമെന്ന് സമിതി ശിപാർശ ചെയ്തു. കേന്ദ്രീയ വിദ്യാലയങ്ങൾ, കമ്യൂണിറ്റി കോളജുകൾ, ദേശീയ തലത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിങ്ങനെ മൂന്നു തലങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ തുടങ്ങണം. പ്രൈമറി, സെക്കൻഡറി തലത്തിൽ 211 കേന്ദ്രീയ വിദ്യാലയങ്ങളും 25 കമ്യൂണിറ്റി കോളജുകളും അഞ്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിക്കണമെന്ന് കേന്ദ്ര സർക്കാറിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ 167ഒാളം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും മുസ്ലിംകൾ കൂടുതലുള്ള 40 നഗരങ്ങളിലുമാണ് കേന്ദ്രീയ വിദ്യാലയങ്ങൾ തുടങ്ങേണ്ടത്. ആർട്സ്, കോമേഴ്സ്, സയൻസ് വിഷയങ്ങളിൽ സി.ബി.എസ്.ഇ സിലബസ് പഠിപ്പിക്കാനാണ് നിർദേശം. 25 സംസ്ഥാനങ്ങളിലായി തൊഴിലധിഷ്ഠിത കോഴ്സുകളുള്ള കമ്യൂണിറ്റി കോളജുകൾ തുടങ്ങണം. ന്യൂനപക്ഷങ്ങൾക്ക് പ്രവേശനത്തിൽ മുൻഗണന നൽകുന്ന അഞ്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശാസ്ത്ര-സാേങ്കതിക കോഴ്സുകൾക്കു പുറമെ ആർക്കിടെക്ചർ, പ്ലാനിങ് ആൻഡ് ഡിസൈൻ തുടങ്ങിയ പുതിയതരം കോഴ്സുകൾ ആരംഭിക്കാനും ശിപാർശയുണ്ട്.
അതേസമയം, സമിതി ശിപാർശകളടങ്ങിയ റിപ്പോർട്ട് പരിഗണിച്ചുവരുകയാണെന്നും ന്യൂനപക്ഷങ്ങളെ വിദ്യാഭ്യാസപരമായി ഉയർത്താൻ ആവശ്യമായ പ്രവർത്തനങ്ങൾ സർക്കാർ നടത്തിവരുകയാണെന്നും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.