മുത്തലാഖ് ഒാർഡിനൻസ്: സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി മോദി സർക്കാർ ഇറക്കിയ ഒാർഡിനൻസിെൻറ നിയമവശം പരിശോധിക്കാനുള്ള സമയമായിട്ടില്ലെന്ന് സുപ്രീംകോടതി. പാർലമെൻറ് സമ്മേളനത്തിൽ നിയമനിർമാണം നടത്തുമോ എന്നുനോക്കാതെ പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കിയതോടെ മുത്തലാഖിനെതിരെ കേരളത്തിലെ സമസ്ത അടക്കം സമർപ്പിച്ച മൂന്ന് ഹരജികളും സ്വയം പിൻവലിച്ചു.
കേരളത്തിലെ സുന്നി വിഭാഗത്തെ പ്രതിനിധീകരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് പുറമെ മുസ്ലിം അഡ്വക്കറ്റ്സ് അസോസിയേഷനും സയ്യിദ് ഫാറൂഖ് എന്ന വ്യക്തിയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹരജികൾ പരിഗണനക്ക് വന്നപ്പോൾ എന്നാണ് മുത്തലാഖ് ഒാർഡിനൻസ് ഇറക്കിയതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ചോദിച്ചു.
സെപ്റ്റംബർ 19 എന്ന് മറുപടി നൽകിയപ്പോൾ ഇത്ര കുറഞ്ഞ കാലയളവേ ആയിട്ടുള്ളൂ എന്നതിനാൽ ഒാർഡിനൻസിൽ ഇപ്പോൾ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സാധാരണഗതിയിൽ ഒരു ഒാർഡിനൻസ് പാർലമെൻറിൽ ബില്ലാക്കി പാസാക്കാൻ ആറുമാസത്തെ സമയമുണ്ട് എന്ന നിലയിലായിരുന്നു ചീഫ് ജസ്റ്റിസിെൻറ പ്രതികരണം.
എന്നാൽ, ഒരു ഹരജിക്കാരനായ സയ്യിദ് ഫാറൂഖിനുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ രാജു രാമചന്ദ്രൻ ഒാർഡിനൻസിനെ തന്നെ തങ്ങൾ ചോദ്യം ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. ഭരണഘടനയുടെ 123ാം അനുച്ഛേദം അനുസരിച്ച് അടിയന്തരമായ ഒരു ആവശ്യത്തിനേ ഒാർഡിനൻസ് ഇറക്കാവൂ. എന്നാൽ, സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ഇതിനകം നിയമവിരുദ്ധമാക്കിയ മുത്തലാഖിൽ അടിയന്തര സാഹചര്യമൊന്നുമില്ലെന്ന് രാജു രാമചന്ദ്രൻ വാദിച്ചു.
ഇത് ഭരണടനക്കുമേലുള്ള വഞ്ചനയാണെന്നും രാജു രാമചന്ദ്രൻ കൂട്ടിച്ചേർത്തപ്പോൾ വഞ്ചനയാണെന്ന തരത്തിൽ പറയേണ്ട കാര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ഇനി ഹരജികളിൽ നോട്ടീസ് അയച്ചാൽ പോലും ഒാർഡിനൻസ് സുപ്രീംകോടതി സ്റ്റേ ചെയ്യാൻ പോകുന്നില്ലെന്നും പിന്നെന്താണ് അതുകൊണ്ട് നേട്ടമെന്നും സുപ്രീംകോടതി ചോദിച്ചു. പാർലമെൻറിെൻറ ശീതകാല സമ്മേളനം തുടങ്ങാൻ ഒരു മാസമേയുള്ളൂ. അതിൽ ഒാർഡിനൻസ് നിയമമാക്കിയേക്കാം.
അത്രയെങ്കിലും കാത്തിരിക്കാൻ ഹരജിക്കാരോട് പറഞ്ഞ ജസ്റ്റിസ് ഗൊഗോയി മൂന്ന് ഹരജികളും തള്ളുകയാണെന്ന് പറഞ്ഞപ്പോൾ ഹരജിക്കാരുടെ അഭിഭാഷകർ ഹരജി തള്ളേണ്ടെന്നും തങ്ങൾ സ്വയം പിൻവലിക്കാമെന്നും അറിയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി കേട്ടത്.
ഭർത്താവിനെ മൂന്നുവർഷം ജാമ്യമില്ലാതെ ജയിലിലടക്കാൻ വ്യവസ്ഥ ചെയ്യുന്ന ഒരു നിയമം മുസ്ലിം സ്ത്രീയെ സംരക്ഷിക്കാനുള്ളതാണെന്ന് പറയാനാവില്ലെന്ന് സമസ്ത ഹരജിയിൽ ബോധിപ്പിച്ചിരുന്നു.
മുസ്ലിം ഭർത്താവിനെ മാത്രം ജയിലിലടക്കുന്ന തരത്തിലുള്ള മുത്തലാഖ് ഒാർഡിനൻസ് നിയമവിരുദ്ധമാണെന്ന് അഡ്വ. സുൽഫീക്കർ അലി മുഖേന സമർപ്പിച്ച ഹരജിയിൽ സമസ്ത ബോധിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.