മുസഫർ നഗർ കലാപം: ബി.ജെ.പി നേതാക്കൾക്കെതിരായ കേസ് പിൻവലിക്കാൻ കോടതി അനുമതി
text_fieldsമുസഫർനഗർ: 2013ലെ മുസഫർനഗർ കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കൾക്കെതിരെ ചുമത്തിയ ക്രിമിനൽ കേസുകൾ പിൻവലിക്കാൻ ഉത്തർപ്രദേശ് സർക്കാറിന് കോടതി അനുമതി. മന്ത്രി സുരേഷ് റാണ, സംഗീത് സോം എം.എൽ.എ, ഭർതേന്ദു സിങ് എം.പി, വി.എച്ച്.പി നേതാവ് സാധ്വി പ്രാചി എന്നിവർ ഉൾപ്പെടെ 12 ബി.ജെ.പി നേതാക്കൾക്കെതിരായ കേസുകളാണ് പിൻവലിക്കുന്നത്.
സ്പെഷൽ കോടതി ജഡ്ജി റാം സുധ് സിങ് ആണ് വെള്ളിയാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2013 ആഗസ്റ്റ് അവസാനത്തോടെ മുസഫർ നഗറിൽ നടന്ന മഹാപഞ്ചായത്തിൽ പങ്കെടുത്ത ബി.ജെ.പി നേതാക്കൾ വിദ്വേഷ പ്രസംഗത്തിലൂടെ കലാപത്തിന് പ്രേരിപ്പിച്ചുവെന്നാണ് കേസ്. നിരോധനാജ്ഞകൾ ലംഘിച്ച് സർക്കാർ ഉദ്യോഗസ്ഥരെ ചുമതലകളിൽനിന്ന് പിന്തിരിപ്പിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തുവെന്നും ആരോപണമുയർന്നിരുന്നു.
എന്നാൽ, പൊതുതാൽപര്യം മുൻനിർത്തി സംസ്ഥാന സർക്കാർ ബി.ജെ.പി നേതാക്കൾക്കെതിരായ കേസുകൾ പിൻവലിച്ച് തുടർ നടപടി അവസാനിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് സർക്കാർ അഭിഭാഷകൻ കോടതിയെ സമീപിച്ചത്. മുസഫർ നഗറിലും അയൽ ജില്ലകളിലുമായി നടന്ന കലാപത്തിൽ 62 പേർ കൊല്ലപ്പെടുകയും 50,000ത്തോളം പേർ ഭവനരഹിതരാവുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.