അഭയകേന്ദ്രത്തിലെ പെൺകുട്ടികൾ പറയുന്നു, സമാനതകളില്ലാത്ത ക്രൂരതയുടെ കഥകൾ
text_fieldsപട്ന: മുസഫർപുരിലെ വിവാദ അഭയകേന്ദ്രത്തിൽ നിന്നുള്ള പെൺകുട്ടികൾ സംസാരിച്ചുതുടങ്ങിയപ്പോൾ സമാനതകളില്ലാത്ത ക്രൂരതയുെട ചിത്രങ്ങളാണ് പുറത്തുവന്നത്. ആവർത്തിച്ച് ബലാത്സംഗത്തിനിരയായ ഒരു പെൺകുട്ടി അന്വേഷണസംഘത്തിലെ ഒരംഗത്തോട് വെളിപ്പെടുത്തിയത് കേട്ടാൽ നടുങ്ങും. നിർദയം അടിച്ചും മയക്കുമരുന്ന് നൽകിയും മണിക്കൂറുകളോളം വിവസ്ത്രരാക്കി ഇരുത്തിച്ചുമൊക്കെ ഒേട്ടറെ പേർ ചേർന്ന് പീഡിപ്പിച്ചിരുന്നുവെത്ര.
ഒരു കുട്ടിയുടെ ശരീരത്തിൽ ആകമാനം മുറിവുകളായിരുന്നു. അഭയകേന്ദ്രത്തിലെ ജീവനക്കാർ അടക്കമുള്ളവരുടെ പീഡനത്തിെൻറ ബാക്കിപത്രമായിരുന്നു അതെല്ലാം. എങ്ങനെയായിരുന്നു മർദനമെന്ന ചോദ്യത്തിന് ‘‘അവർ തുണിയെല്ലാം അഴിച്ചെടുക്കും. ബലമായി മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോവും. എന്നിട്ട് ഇരുമ്പുവടി ഉപയോഗിച്ച് അടിക്കുമായിരുന്നു’’ എന്നായിരുന്നു മറുപടി.
അഭയകേന്ദ്രം നടത്തിപ്പുകാരനായ ബ്രജേഷ് ഠാകുർ തന്നെ തങ്ങളെ നിരവധി തവണ ബലാത്സംഗം ചെയ്തിരുന്നുവെന്നും കുട്ടികൾ വെളിപ്പെടുത്തി. ആവുംവിധം പ്രതികരിച്ചിട്ടും അയാൾ ഇത് ആവർത്തിച്ചു. പ്രായമുള്ള മറ്റൊരാളെക്കുറിച്ചും കുട്ടികൾ പറഞ്ഞു. ഭാര്യക്കൊപ്പം വരുകയും അവർ പുറത്തേക്ക് പോവുേമ്പാൾ ഇയാൾ അകത്തുകടന്ന് പീഡിപ്പിക്കുകയും ചെയ്യുമായിരുന്നത്രെ.
മുകൾനിലയിലെ മുറിയിലെത്തിച്ചാണ് ഇവരെ ബലാത്സംഗത്തിനിരയാക്കിയിരുന്നത്. വൈകുന്നേരങ്ങളിൽ അശ്ലീലം നിറഞ്ഞ പാട്ടുകൾ വെക്കുമായിരുന്നു. എന്തുകൊണ്ടാണ് ആയമാരോടോ മറ്റുള്ളവരോടോ ഇക്കാര്യങ്ങൾ പറയാതിരുന്നത് എന്ന ചോദ്യത്തിന് അവരൊക്കെ ഇതിൽ പങ്കാളികളായിരുന്നുവെന്നും അവർക്കെല്ലാം സാറിനെ (ബ്രജേഷ് ഠാകുർ) പേടിയായിരുന്നുവെന്നുമായിരുന്നു മറുപടി. ഇനിയും ഇവിടെ താമസിക്കാൻ ആഗ്രഹമില്ലെന്നും ഞങ്ങളെ എങ്ങോേട്ടക്കെങ്കിലും മാറ്റണമെന്നുമായിരുന്നു അന്വേഷണോദ്യോഗസ്ഥരോടുള്ള കുട്ടികളുടെ അപേക്ഷ.
മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസസ് നടത്തിയ പരിശോധനയിലാണ് കൊടിയ ക്രൂരത പുറംലോകം അറിയാനിടയായത്. ഇവർ വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സാമൂഹികക്ഷേമ വകുപ്പ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു. തുടർന്ന് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.
‘ബാലികാഗൃഹം’ എന്ന പേരിലുള്ള ഇൗ കേന്ദ്രത്തിൽ 44 പെൺകുട്ടികളെ താമസിപ്പിച്ചിട്ടുണ്ട്. വൈദ്യപരിേശാധനക്ക് വിധേയമാക്കിയപ്പോൾ അവരിൽ 34 പേരും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി തെളിഞ്ഞു. ഇതിൽ മിക്കവരും ഏഴിനും 14നും ഇടയിൽ പ്രായമുള്ളവരായിരുന്നു. ഒരു കുട്ടിയെ പീഡിപ്പിച്ച് കൊന്നതിനുശേഷം കുഴിച്ചുമൂടിയതായി മറ്റൊരു ബാലിക വെളിപ്പെടുത്തിയിരുന്നു. തുടർന്ന് കെട്ടിട വളപ്പിനകത്ത് മണ്ണു കിളച്ചു നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പെൺകുട്ടികളെ മറ്റ് അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയതിനുശേഷം ബാലികാഗൃഹം പൂട്ടി സീൽ ചെയ്തു. അഭയകേന്ദ്രം നടത്തുന്ന എൻ.ജി.ഒയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ബ്രജേഷ് ഠാകുർ അടക്കം പത്തു പേർ ഇതിനകം അറസ്റ്റിലായി. കേസിെൻറ അന്വേഷണം സി.ബി.െഎ ഏറ്റെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.