മുസഫർപുരിലെ അഭയകേന്ദ്ര പീഡനം; അന്വേഷണം സി.ബി.െഎ ഏറ്റെടുത്തു
text_fieldsമുസഫർപുർ: ബിഹാറിലെ മുസഫർപുരിൽ സന്നദ്ധ സംഘടനയുടെ അഭയകേന്ദ്രത്തിൽ നടന്ന ലൈംഗിക പീഡന കേസ് സി.ബി.െഎ ഏറ്റെടുത്തു. വനിത പൊലീസ് സ്റ്റേഷനിൽനിന്നുള്ള പ്രഥമ വിവര റിപ്പോർട്ട് പ്രകാരം അന്വേഷണം ഏറ്റെടുത്തതായി സി.ബി.െഎ ഉദ്യോഗസ്ഥർ അറിയിച്ചു. ‘ബാലിക ഗൃഹം’ എന്നപേരിൽ സർക്കാർ സഹായത്തോടെ നടത്തുന്ന അഭയകേന്ദ്രത്തിലെ പ്രായപൂർത്തിയാവാത്ത 30ലേറെ പെൺകുട്ടികളെ കേന്ദ്രത്തിെൻറ നടത്തിപ്പുകാരായ ‘സേവാ സങ്കൽപ ഏവം വികാസ് സമിതി’യുടെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് മാനസികവും ശാരീരികവും ലൈംഗികവുമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം.
സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷമായ വിമർശനമാണ് ആർ.ജെ.ഡി നടത്തിയത്. പ്രതിപക്ഷസമ്മർദത്തെ തുടർന്ന് സർക്കാർ നിർദേശപ്രകാരം സി.ബി.െഎ കേസ് ഏറ്റെടുക്കുകയായിരുന്നു. ജില്ല ബാലസംരക്ഷണ ഒാഫിസർ രവികുമാർ റോഷൻ, ബാലക്ഷേമ സമിതി അംഗം വികാസ് കുമാർ, അഭയകേന്ദ്രം നടത്തുന്ന ബ്രജേഷ് താക്കൂർ, വനിത ജീവനക്കാരടക്കം 10പേർ അറസ്റ്റിൽ ആയിട്ടുണ്ട്. പോക്സോ അടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.
ക്രൂരതക്കിരയായത് 34 പെൺകുട്ടികൾ
മുസഫർപൂർ: മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസസ് നടത്തിയ പരിശോധനയിലാണ് ആരും തുണയില്ലാത്ത ചെറുപ്രായത്തിലുള്ള പെൺകുട്ടികളോടുള്ള കൊടിയ ക്രൂരതയുടെ നടുക്കുന്ന കഥകൾ പുറംലോകം അറിഞ്ഞത്. നിരവധി കുട്ടികൾ തങ്ങൾ ഇത്ര കാലവും അനുഭവിച്ച നരകയാതനകൾ തുറന്നുപറയാൻ തയാറായി. ഇവർ വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സാമൂഹിക ക്ഷേമ വകുപ്പ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു. തുടർന്ന് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.
44 പെൺകുട്ടികളെ ഇൗ കേന്ദ്രത്തിൽ താമസിപ്പിച്ചിട്ടുണ്ട്. വൈദ്യ പരിേശാധനക്ക് വിധേയമാക്കിയപ്പോൾ അവരിൽ 34 പേരും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി തെളിഞ്ഞു. ഇതിൽ മിക്കവരും ഏഴിനും 14നും ഇടയിൽ പ്രായമുള്ളവരായിരുന്നു. പ്രത്യേക പോക്സോ കോടതിക്കു മുമ്പാകെ രേഖപ്പെടുത്തിയ കുട്ടികളുടെ മൊഴിയിൽ ഇവർ മിക്ക ദിവസങ്ങളിലും ബലാത്സംഗത്തിനിരയായതായും, മയക്കുമരുന്നുകൾ കുത്തിവെച്ചും ഗുളികകൾ കഴിപ്പിച്ചും മർദനത്തിനിരയാക്കിയുമാണ് പീഡിപ്പിച്ചതെന്നും പറയുന്നു. ക്രൂരമായ പീഡനമാണ് നടന്നതെന്ന് പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു ലഭിച്ച മെഡിക്കൽ റിപ്പോർട്ടും വെളിവാക്കുന്നു.
ഒരു കുട്ടിയെ പീഡിപ്പിച്ച് കൊന്നതിനുശേഷം കുഴിച്ചുമൂടിയതായി മറ്റൊരു ബാലിക വെളിപ്പെടുത്തിയിരുന്നു. തുടർന്ന് കെട്ടിട വളപ്പിനകത്ത് മണ്ണ് കിളച്ചു നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പെൺകുട്ടികളെ മറ്റ് അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയതിനുശേഷം ബാലികാ ഗൃഹം പൂട്ടി സീൽ ചെയ്തിട്ടുണ്ട്. അഭയകേന്ദ്രം നടത്തുന്ന എൻ.ജി.ഒയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.