ബി.ജെ.പി സഖ്യം അടഞ്ഞ അധ്യായമെന്ന് ശിവസേന; മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭാവി മഹാ വികാസ് അഖാഡി
text_fieldsമുംബൈ: ശിവസേനയും കോൺഗ്രസും എൻ.സി.പിയും അടങ്ങിയ മഹാ വികാസ് അഖാഡിയാണ് മഹാരാഷ്ട്രയുടെ രാഷ്ട്രീയഭാവിയെന്ന് സേന നേതാവ് സഞ്ജയ് റാവുത്ത് എം.പി. വീണ്ടും സഖ്യത്തിനായി ബി.ജെ.പിയും ശിവസേനയും ചര്‍ച്ചകള്‍ നടത്തുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പാർട്ടി മുഖപത്രമായ സാമ്നയിലെ ലേഖനത്തിൽ വ്യക്തമാക്കി.
ശിവസേന രാഷ്ട്രീയമായി വളർന്നത് ബി.ജെ.പിയുമായുള്ള സഖ്യത്തിലൂടെയാണെന്ന് ഓർക്കണമെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ബി.ജെ.പിക്കൊപ്പം സഖ്യം ചേര്‍ന്ന് 25 വര്‍ഷങ്ങള്‍ ശിവസേന പാഴാക്കിയെന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രിയും സേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ മറുപടി നൽകിയത്.
2019ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്നാണ് ശിവസേനയും ബി.ജെ.പിയും സഖ്യം മതിയാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉടലെടുത്ത തര്‍ക്കമായിരുന്നു സഖ്യം വിടാനുള്ള പ്രധാന കാരണം. പിന്നീട്, കോണ്‍ഗ്രസുമായും എൻ.സി.പിയുമായും സഖ്യമുണ്ടാക്കി ശിവസേന അധികാരത്തിലെത്തുകയായിരുന്നു.
അടുത്തിടെ പുറത്തുവന്ന നഗര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിക്കും മഹാ വികാസ് അഖാഡിയ്ക്കും മുന്നില്‍ മാര്‍ഗരേഖയായി നില്‍ക്കുകയാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനയും കോണ്‍ഗ്രസും എൻ.സി.പിയും ഒരുമിച്ചാല്‍ ബി.ജെ.പിക്ക് മഹാരാഷ്ട്രയില്‍ വളര്‍ച്ച പ്രാപിക്കാന്‍ കഴിയില്ലെന്നാണ് ഫലം തെളിയിച്ചതെന്നും മുൻ കേന്ദ്ര മന്ത്രി കൂടിയായ റാവുത്ത് സാമ്നയിലെ ലേഖനത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.