വോട്ടുയന്ത്രത്തിൽ സംശയവുമായി എം.വി.എ
text_fieldsമുംബൈ: ബി.ജെ.പി സഖ്യം കൂറ്റൻ ജയംനേടിയ മഹാരാഷ്ട്രയിൽ വോട്ടുയന്ത്രത്തിൽ സംശയവുമായി മഹാവികാസ് അഘാഡി (എം.വി.എ) നേതാക്കൾ. ഉദ്ധവ് പക്ഷ ശിവസേന നേതാവ് സഞ്ജയ് റാവുത്ത്, കോൺഗ്രസ് നേതാവ് വിജയ് വഡെടിവാർ, ശരദ് പവാർ എന്നിവരാണ് സംശയം പ്രകടിപ്പിച്ചത്. സീറ്റ്വിഭജനതർക്കം നിലനിൽക്കുകയും 34 സീറ്റിൽ വിമതരുണ്ടാവുകയുംചെയ്തിട്ടും ബി.ജെ.പി സഖ്യം (മഹായുതി) കൂറ്റൻ ജയംനേടിയത് സംശയാസ്പദമാണെന്ന് വിജയ് വഡെടിവാർ പറഞ്ഞു.
2014ലേ മോദി തരംഗത്തിലും 2019ലേ പുൽവാമ പശ്ചാത്തലത്തിലും കോൺഗ്രസ് നാൽപതിലേറെ സീറ്റുകൾ നേടിയിരുന്നു. ഇപ്പോഴത്തെ വിജയം മഹായുതിയുടേതല്ല വോട്ടുയന്ത്രത്തിന്റേതാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ടെണ്ണുമ്പോൾ വോട്ടുയന്ത്രവുമായി ബന്ധപ്പെട്ട് 450ലേറെ പരാതികളുണ്ടായിട്ടും ഉദ്യോഗസ്ഥർ ഗൗനിച്ചില്ലെന്ന് സഞ്ജയ് റാവുത്ത് ആരോപിച്ചു. തെരഞ്ഞെടുപ്പ് നീതിയുക്തമായി നടന്നെന്ന് പറയാനാകില്ലെന്ന് പറഞ്ഞ റാവുത്ത് ബാലറ്റ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് മാറ്റി നടത്തണമെന്ന് ആവശ്യപ്പെട്ടു.
വോട്ടുയന്ത്രം ഉപയോഗിച്ചാണ് ബി.ജെ.പിയുടെ ജയമെന്ന് സൂചിപ്പിച്ചാണ് പവാറിന്റെ പ്രതികരണം. വോട്ടുയന്ത്രം ഗുജറാത്തിൽനിന്നും മധ്യപ്രദേശിൽനിന്നും കൊണ്ടുവന്നതാണെന്ന് ചിലർ പറയുന്നുണ്ടെങ്കിലും തന്റെ കൈയിൽ തെളിവില്ലെന്ന് വ്യക്തമാക്കിയ പവാർ ചെറിയ സംസ്ഥാനങ്ങളിൽ പ്രതിപക്ഷവും വലിയ സംസ്ഥാനങ്ങളിൽ ബി.ജെ.പിയും ജയിക്കുന്നതിലെ ‘തമാശ’ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.