മകൾക്ക് സൈന്യത്തിൽ ചേരാൻ ആഗ്രഹമുണ്ടെന്ന് പല്ലവി അശുതോഷ്
text_fieldsജയ്പൂർ: മകൾക്ക് സൈനിക സേവനത്തിന് ആഗ്രഹമുണ്ടെന്ന് വീരമൃത്യു വരിട്ട കേണൽ അശുതോഷ് ശർമ്മയുടെ ഭാര്യ പല്ലവി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് 12കാരിയായ മകളുടെ ആഗ്രഹം പല്ലവി വ്യക്തമാക്കിയത്.
അന്തിമ തീരുമാനം മകളുടേതാണ്. അവൾ നല്ലൊരു മനുഷ്യസ്നേഹിയും പൗരയും ആകുമെന്ന് കരുതുന്നു. അതാണ് ഏറ്റവും പ്രധാനമെന്നും പല്ലവി അശുതോഷ് പറഞ്ഞു.
എനിക്ക് സൈന്യത്തിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞില്ല. എന്‍റെ പ്രായം അനുവദിക്കുകയും മന്ത്രാലയം ഇളവ് നൽകുകയും ചെയ്താൽ സൈനിക യൂനിഫോം താൻ ആഗ്രഹിക്കുന്നുവെന്ന് പല്ലവി അശുതോഷ് വ്യക്തമാക്കി.
ജമ്മു കശ്മീരിലെ കുപ് വാര ജില്ലയിലെ ഹന്ദ്വാരയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് കേണൽ അശുതോഷ് വീരമൃത്യു വരിച്ചത്. 21 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിന്‍റെ കമാൻഡിങ് ഓഫിസറായിരുന്നു കേണൽ അശുതോഷ്. ഗാർഡ്സ് റെജിമെന്‍റിന്‍റെ ഭാഗമായ കേണൽ അശുതോഷ് വളരെക്കാലമായി കശ്മീർ താഴ്വരയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
കേണൽ അശുതോഷിനെ കൂടാതെ മേജർ അനൂജ് സൂദ്, നായിക് രാജേഷ്, ലാൻസ് നായിക് ദിനേഷ് എന്നീ സൈനികരും ജമ്മു - കശ്മീർ പൊലീസിലെ എസ്.ഐ ഷക്കീൽ ഖാസിയും വീരമൃത്യു വരിച്ചിരുന്നു. ഏറ്റുമുട്ടലിൽ ലശ്കറെ ത്വയ്ബ കമാൻഡർ ഹൈദർ അടക്കം രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.