തമിഴ്നാട്ടിലെത്തേണ്ടത് കടമ; കർഷകർക്ക് പിന്തുണയുമായി രാഹുൽ മധുരയിലെത്തി
text_fieldsമധുര: ജെല്ലികെട്ടിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മധുരയിലെത്തി. മൂന്ന് വിവാദ കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധം നടത്തുന്ന കർഷകർക്ക് പ്രതീകാത്മകമായി പിന്തുണ നൽകുകയെന്നതും രാഹുലിന്‍റെ സന്ദർശനത്തിന്‍റെ ലക്ഷ്യമാണ്. മധുര വിമാനത്താവളത്തിലെത്തിയ രാഹുലിനെ കോൺഗ്രസ്-ഡി.എം.കെ നേതാക്കൾ ചേർന്ന് സ്വീകരിച്ചു.
ഇന്ത്യയുടെ ഭാവിക്ക് തമിഴ് സംസ്കാരവും ഭാഷയും ചരിത്രവും പ്രധാനപ്പെട്ടതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യ തമിഴ് സംസ്കാരത്തെ ബഹുമാനിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ജെല്ലികെട്ടിനായി നടത്തിയ ഒരുക്കങ്ങളിൽ അദ്ദേഹം സംതൃപ്തി രേപ്പെടുത്തി. മത്സരത്തിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ പൂർണമായും ഉറപ്പാക്കുന്ന രീതിയിലാണ് ജെല്ലികെട്ടിനുള്ള ഒരുക്കങ്ങളെന്നും രാഹുൽ പറഞ്ഞു.
തമിഴ്നാട്ടിൽ നിന്നും വലിയ പിന്തുണയും സ്നേഹവും ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ഇവിടെ വരേണ്ടത് കടമയാണ്. തമിഴ്നാടിന്റെ സംസ്കാരവും ചരിത്രവും മനസിലാക്കുന്നതിനാണ് ഇവിടെ എത്തിയതെന്നും രാഹുൽ പറഞ്ഞു. മധുരയിലെ ആവണിപുരത്ത് നടക്കുന്ന ജെല്ലികെട്ടിലാണ് രാഹുൽ പങ്കെടുക്കുക.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് ബന്ധമില്ലെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ് അഴഗിരി വ്യക്തമാക്കി. ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷൻ ജെ.പി. നദ്ദയും ഇന്ന് തമിഴ്നാട്ടിലെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.