താൻ മന്ത്രിസഭയിൽനിന്ന് രാജിവെച്ചത് ബി.ജെ.പിയിൽ ഭൂകമ്പമായി -മുൻ മന്ത്രി മൗര്യ
text_fieldsതാൻ മന്ത്രിസഭയിൽനിന്നും രാജിവെച്ചത് ബി.ജെ.പിയിൽ ഭൂകമ്പം സൃഷ്ടിച്ചിരിക്കുകയാണെന്ന് യു.പി മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യ. ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് മന്ത്രിസഭയിൽനിന്ന് രാജിവെക്കുന്നതായി സ്വാമി പ്രസാദ് മൗര്യ പ്രഖ്യാപിക്കുകയായിരുന്നു.
തന്റെ അടുത്ത നീക്കം വെള്ളിയാഴ്ച വെളിപ്പെടുത്തുമെന്നും, ബി.ജെ.പി വിടുകയോ മറ്റ് പാർട്ടിയിൽ ചേരുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം എൻ.ഡി ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ച് പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് മൗര്യ നടത്തിയത്.
"എന്റെ നീക്കം ബി.ജെ.പിയിൽ ഭൂചലനത്തിന് കാരണമായി. കൂടുതൽ മന്ത്രിമാരും എം.എൽ.എമാരും എനിക്കൊപ്പം പാർട്ടി വിടും''-അദ്ദേഹം പറഞ്ഞു. റോഷൻ ലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗർ, വിനയ് ശാക്യ എന്നീ നാല് എം.എൽ.എമാരും മൗര്യക്കൊപ്പം ഇതിനകം രാജി പ്രഖ്യാപിച്ചിട്ടുണ്ട്. "ഞാൻ ഒരു മന്ത്രിസ്ഥാനം മാത്രമാണ് രാജിവെച്ചത്. ഞാൻ ഉടൻ തന്നെ ബി.ജെ.പി വിടും. തൽക്കാലം ഞാൻ സമാജ്‌വാദി പാർട്ടിയിൽ ചേരുന്നില്ല. വെള്ളിയാഴ്ച ഒരു വലിയ വെളിപ്പെടുത്തൽ നടത്താം'' -മൗര്യ പറഞ്ഞു.
അതേ സമയം, ജനുവരി 14ന് താൻ സമാജ്‌വാദി പാർട്ടിയിൽ ചേരും. ചെറുതോ വലുതോ ആയ ഒരു രാഷ്ട്രീയക്കാരിൽ നിന്നും തനിക്ക് ക്ഷണം ലഭിച്ചിട്ടില്ല എന്നും മൗര്യ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. ചൊവ്വാഴ്ച, മൗര്യ തന്റെ രാജി കത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അദ്ദേഹത്തോടൊപ്പമുള്ള ഒരു ഫോട്ടോ ട്വീറ്റ് ചെയ്തിരുന്നു.
അദ്ദേഹത്തെയും അദ്ദേഹത്തിന്റെ അനുയായികളെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടായിരുന്നു അത്. "അഖിലേഷ് യാദവ് എന്നെ അഭിനന്ദിച്ചു," അദ്ദേഹം സമ്മതിച്ചു. "ഞാൻ ഇന്നും നാളെയും എന്റെ ആൾക്കാരുമായി സംസാരിക്കും. എന്റെ അടുത്ത രാഷ്ട്രീയ നീക്കം വെള്ളിയഴ്ച ഞാൻ വെളിപ്പെടുത്തും. എന്റെ തീരുമാനവും എന്റെ കൂടെ ആരൊക്കെ വരുമെന്നും ഞാൻ നിങ്ങളോട് പറയും" -അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥിന്റെ പ്രവർത്തന ശൈലിയെക്കുറിച്ച് പരാതിപ്പെടാൻ രണ്ട് മാസം മുമ്പ് മൗര്യ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. എന്നാൽ പാർട്ടി നടപടിയൊന്നും സ്വീകരിക്കാത്തതിനാൽ ഡൽഹിയിൽ നിന്ന് യു.പിയിലേക്ക് അയച്ച മൂന്നംഗ സംഘം അണികളിലെ അമർഷം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.