എൻ.ഡി.ടി.വി റിപ്പോർട്ടറായ ഞാൻ ഈ രണ്ടാം തരംഗത്തിനു നടുവിൽ എന്തൊക്കെ ചെയ്യണം, കാണണം?
text_fieldsകഴിഞ്ഞ വർഷം ഡൽഹി കലാപങ്ങൾ റിപ്പോർട്ട് ചെയ്യുേമ്പാൾ ഒരു 26കാരി കടന്നുപോകുന്ന ഏറ്റവും ഭീതിദമായ അനുഭവം അതുതന്നെയെന്ന് തോന്നി. നിറയെ അതിക്രമം, രക്തച്ചൊരിച്ചിൽ, മരണങ്ങൾ, മുഖംനിറയെ നൈരാശ്യം... ഒരു വർഷത്തിനുള്ളിൽ അതിനെക്കാൾ മോശമായത് വരാനിരിക്കുേന്നയുണ്ടായിരുന്നുള്ളൂ.
കോവിഡ് സാഹചര്യം റിപ്പോർട്ട് ചെയ്യൽ ശരിക്കും ഒരു യുദ്ധമാണ്. അതിനാൽ തന്നെ ഈ തൊഴിലിെൻറ സ്വഭാവം ഈ മേഖലയിലുള്ളവർക്ക് നന്നായറിയാം. സന്ദർഭത്തിെൻറ അതിലോലതയും തൊഴിലും തമ്മിൽ സംതുലനത്തിന് ഞങ്ങൾ ശ്രമിക്കും. തത്സമയ റിപ്പോർട്ടിങ്ങിനിടെ എത്ര കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്താലും അവയോരോന്നും ആരുടെയെങ്കിലും മാതാവോ കുട്ടിയോ അതുമല്ലെങ്കിൽ സഹോദരങ്ങളോ ആകുമെന്ന ബോധ്യം മനസ്സിനെ നീറിക്കും. പക്ഷേ, ആ 'ആരുടെയെങ്കിലും' എന്നത് സ്വന്തം സുഹൃത്തോ സഹപ്രവർത്തകരോ ആയാൽ എന്തുചെയ്യും? ആ ചോദ്യമാണിപ്പോൾ മനസ്സിനെ വേട്ടയാടുന്നത്.
ഒന്നാം തരംഗത്തിലേക്കു തിരിച്ചുനടന്നാൽ, ഏറ്റവും കഠിനമായ ആദ്യ അനുഭവം ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിലെ 56കാരനായ അനസ്തേഷ്യ സ്പെഷലിസ്റ്റ് ഡോ. അസീം ഗുപ്തയുടെ കോവിഡ് മരണമാണ്. കോവിഡിനെതിരായ പോരാട്ടത്തിൽ ആദരമർപിച്ച് വ്യോമസേന മേയ് മൂന്നിന് ആശുപത്രിക്കുമേൽ പുഷ്പ വൃഷ്ടി നടത്തിയിരുന്നു. അതിന് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ ഞാൻ അഭിമുഖത്തിനായി ചെന്നുകണ്ടു. ''ഇത് അഭിമാനത്തിെൻറ നാളുകളാണ്. ഒരു രാജ്യം ഒന്നാകെ ഞങ്ങൾക്കൊപ്പമുണ്ട്. ഇതുപോലുള്ള ആദരം രാജ്യം നമ്മിൽ അഭിമാനം െകാള്ളുന്നുവെന്ന സൂചനയാണ്. കോവിഡിനെതിരെ ഇനിയും പോരാട്ടമുഖത്തുണ്ടാകും''-
ഇതായിരുന്നു വാക്കുകൾ. കൂടെയുളള ഡോക്ടർമാർ വരെ രോഗികളായിപ്പോകുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു ആരോഗ്യപ്രവർത്തകനാകുന്നത് എത്ര കടുപ്പമാണെന്ന് ചോദിച്ചപ്പോൾ, ''കാര്യങ്ങൾ കടുപ്പമാണ്, എന്നാലും പരമാവധി ശ്രമിക്കുക തന്നെ'' എന്നായിരുന്നു മറുപടി. മൂന്നാഴ്ച ഐ.സി.യുവിൽ കോവിഡിനോട് മല്ലിട്ട് ഒടുവിൽ അദ്ദേഹം മരണത്തിന് കീഴടങ്ങി.
അതുകഴിഞ്ഞ്, കഴിഞ്ഞ ആഴ്ചകളിൽ ശ്മശാനങ്ങളിൽനിന്ന് ആശുപത്രികളിലേക്കും തിരിച്ചുമുള്ള മരണപ്പാച്ചിലിലാണ് ഞാൻ. ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം റിപ്പോർട്ട് ചെയ്യുേമ്പാഴായിരിക്കും ഉറ്റവർക്കായി ഓക്സിജൻ സിലിണ്ടർ ചുമലിലേറി ബന്ധുക്കൾ വരുന്നത്, നൂറുകണക്കിന് തവണ പലരെ വിളിച്ചായിരിക്കും അവരത് സംഘടിപ്പിച്ചിട്ടുണ്ടാകുക. 50 കിലോമീറ്ററെങ്കിലും സഞ്ചരിച്ചിട്ടുണ്ടാകും, പുതിയ കാല നിരക്കും നൽകി കാണും. ഇത്രയൊക്കെ ആണെങ്കിലും അവർ ഭാഗ്യം ചെയ്തവരാണ്. തൊട്ടപ്പുറത്ത് അതിനുപോലും ഭാഗ്യമില്ലാത്തവരുടെ പിടച്ചിൽ കാണാം. ആശുപത്രി ജീവനക്കാരോടും എന്നെ പോലെ മാധ്യമപ്രവർത്തകരോടു വരെ അവർ ചോദിച്ചുകൊണ്ടിരിക്കും, ''മാഡം, നിങ്ങൾക്ക് വല്ല വിവരവുമുണ്ടോ? ഓക്സിജൻ വന്നിട്ടുണ്ടോ?'' അവർക്ക് ഞാൻ എന്തുമറുപടി കൊടുക്കും.
ശ്മശാനങ്ങളിൽ, ഉറ്റവരുടെ മൃതദേഹങ്ങളുമായി മണിക്കൂറുകളായി കാണും അവരുടെ കാത്തിരിപ്പ്. എല്ലാം കഴിയുേമ്പാഴേക്ക് വേർപാടിെൻറ വേദന മാത്രമാകില്ല അവർക്കുമേൽ കുമിഞ്ഞിട്ടുണ്ടാകുക, കൊടിയ ക്ഷീണവും കൂടിയാകും. നീണ്ട സമയത്തെ കാത്തിരിപ്പും പി.പി.ഇ കിറ്റിൽ മണിക്കൂറുകൾ കുടുങ്ങിക്കിടക്കലും വിറകുകൾ ശേഖരിക്കാനുള്ള ഓട്ടവും അതുകഴിഞ്ഞ് അവ ചിതക്കു മുകളിൽ നിരത്തലുമെല്ലാം ഒറ്റക്കുതന്നെ നടത്തണം.
കഴിഞ്ഞ ദിവസം, എെൻറ കാമറാപേഴ്സൺ പൂജ ആര്യയും ഞാനും വ്യത്യസ്ത ശ്മശാനങ്ങളിലെത്തിയായിരുന്നു റിപ്പോർട്ടിങ് നടത്തിയത്. അതിനു പിറ്റേന്ന് ഞങ്ങളുടെ സഹപ്രവർത്തകരിലൊരാൾക്ക് സ്വന്തം മകെൻറ സംസ്കാരം ഒറ്റക്കു നിർവഹിക്കേണ്ടിവന്നു. അതുേകട്ട് ഞങ്ങൾ ശരിക്കും തളർന്നു. കാറിൽ ഇരുവരും കണ്ണീരണിഞ്ഞ് ഏറെനേരം ഇരുന്നു. ഒരു മണിക്കൂർ കഴിഞ്ഞ് വീണ്ടും സർദാർ പട്ടേൽ കോവിഡ് കെയർ സെൻററിലെത്തി ഷൂട്ടിങ് തിരക്കിലമർന്നു. ഒരു ബെഡിനായി അനേകം പേരുടെ കാത്തിരിപ്പായിരുന്നു അവിടെ.
ഞങ്ങളുടെ കൺമുന്നിൽ, 52കാരിയായ മാതാവിെൻറ മൃതദേഹം ഓട്ടോയിലിരുത്തി സ്വന്തം മകൻ വിലപിക്കുകയാണ്. മാതാവിനെ കൊണ്ടുവന്ന് മൂന്നു മണിക്കൂർ കാത്തിരിന്നിട്ടും ആശുപത്രിയിൽ ബെഡ് ലഭിച്ചിരുന്നില്ല. ചലനമറ്റ് ഓട്ടോയിൽ കിടന്ന അമ്മക്ക് നെഞ്ചിൽ തിരുമ്മി ശ്വാസം തിരികെ നൽകാൻ മറ്റൊരു മകെൻറ ശ്രമം കണ്ടു. ഉള്ളുലക്കുന്ന കാഴ്ചയിൽ നെഞ്ചുപിടഞ്ഞെങ്കിലും റിപ്പോർട്ടു ചെയ്യാതെ തരമില്ലായിരുന്നു, അതുതന്നെയല്ലേ എല്ലായിടത്തേയും കാഴ്ച.
എല്ലാ ദിവസവും എെൻറ ട്വിറ്റർ ഹാൻഡ്ലിൽനിന്ന് ആശുപത്രി ബെഡ് തിരഞ്ഞും ഓക്സിജൻ തേടിയുമുള്ള എസ്.ഒ.സ് സേന്ദശങ്ങൾ ഞാൻ ട്വീറ്റ് ചെയ്യാറുണ്ട്. ഇന്നിപ്പോൾ ഞാൻ ജന്മനാടായ കാൺപൂരിൽ എെൻറ കുടുംബത്തിലെ ഒരാൾക്കാണ് ഒരു സന്ദേശം ട്വീറ്റ് ചെയ്യുന്നത്. ഒരു പ്ലാസ്മ ദാതാവിനെയാണ് ആവശ്യം.
ഇത് എെൻറ മാത്രം കഥയല്ല. പല റിപ്പോർട്ടർമാരുടെയും കാമറപേഴ്സൺമാരുടെയും ഫോട്ടോഗ്രാഫർമാരുടെയുമാണ്. ഓരോരുത്തരും തൊഴിലിനിടെ കാണുന്ന വേദനയോട് മല്ലിടുന്നതിനൊപ്പം ചുറ്റുമുള്ള നിരാശയും കണ്ണീരും കൂടി പങ്കുവെക്കേണ്ടിവരികയാണ്. അവർ കണ്ണീരണിഞ്ഞ് ചിലപ്പോൾ നിങ്ങൾ കാണുന്നുണ്ടാകില്ല, പക്ഷേ ഉറക്കം നഷ്ടപ്പെട്ട രാത്രികളാകും അവർക്ക്. ചിലർ അവരുടെ മനസ്സിെൻറ വേദനകൾ പങ്കുവെക്കുന്നുണ്ടാകില്ല. എന്നെ പോലെ േബ്ലാഗ് എഴുതുന്നുമുണ്ടാകില്ല. പക്ഷേ, കഥകൾ എല്ലാം ഒന്നുതന്നെ.
-സുകൃതി ദ്വിവേദി
(എൻ.ഡി.ടി.വി സീനിയർ റിപ്പോർട്ടറാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.