ഗൽവാൻ താഴ്വര ഇന്ത്യയുടേത് തന്നെ- റസൂൽ ഗൽവാൻെറ പിന്മുറക്കാർ
text_fieldsന്യൂഡൽഹി: ലഡാക്കിലെ തന്ത്രപ്രധാനമായ ഗൽവാൻ താഴ്വരയുടെ മേൽ ചൈന ഉന്നയിക്കുന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് താഴ്വര കണ്ടുപിടിച്ച റസൂൽ ഗൽവാൻെറ പിന്മുറക്കാർ.
‘1890കളുടെ തുടക്കത്തിൽ ഞങ്ങളുടെ പ്രപിതാമഹൻ റസൂൽ ഗൽവാൻ ആണ് ഈ താഴ്വര കണ്ടെത്തിയത്. ബ്രിട്ടീഷുകാർ അദ്ദേഹത്തിൻെറ പേര് താഴ്വരക്ക് നൽകുകയും ചെയ്തു. ഗൽവാൻ താഴ്വര ഇന്ത്യയുടേത് തന്നെയാണ്’ - ഗൽവാൻ കുടുംബത്തിലെ ഇളമുറക്കാരനായ മുഹമ്മദ് അമീൻ ഗൽവാൻ പറയുന്നു.
ലഡാക്കിലെ പർവതമേഖലയിൽ വെച്ച് വഴി തെറ്റിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനിടെയാണ് റസൂൽ ഗൽവാൻ ഈ താഴ്വര കണ്ടെത്തുന്നത്. 1892-83 കാലത്തായിരുന്നു അത്. വഴിയറിയാതെ കുടുങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഗൽവാൻ താഴ്വര വഴി റസൂൽ സുരക്ഷിതരായി പുറത്തെത്തിക്കുകയായിരുന്നു.
ഇതിൻെറ സ്മരണാർഥം ബ്രിട്ടീഷുകാർ താഴ്വരക്ക് ഗൽവാൻെറ പേരും നൽകി. സർ ഫ്രാൻസിസ് എഡ്വേർഡ് യങ്ഹസ്ബൻഡിൻെറ പര്യവേക്ഷണ സംഘത്തിൽ അംഗമായിരുന്നു റസൂൽ ഗൽവാൻ.
‘ഗൽവാൻ താഴ്വര എന്നെന്നും ഇന്ത്യയുടേതാണ്. ചൈനക്കാരെ ഉടൻ അവിടെ നിന്നും ഇന്ത്യൻ സേന തുരത്തണം. തങ്ങളുടെ അവകാശവാദം തെളിയിക്കാനുള്ള ഒരു തെളിവും ചൈനക്കില്ല. പക്ഷേ, നമുക്കുണ്ട്. ഒരു തവണയല്ല, എൻെറ പ്രപിതാമഹൻ നിരവധി തവണ അവിടെ പോയിട്ടുണ്ട്’- മുഹമ്മദ് അമീൻ പറയുന്നു.
ഗല്‍വാന്‍ താഴ്വരയില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. 43 ഓളം ചൈനീസ് സൈനികര്‍ മരിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തെങ്കിലും അത് ചൈന സ്ഥിരീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.