മണിക്കൂറുകൾക്കിടെ ഭർത്താവും അമ്മയും ഓക്സിജൻ ലഭിക്കാതെ മരിച്ചു; വികാരനിർഭര കുറിപ്പുമായി മുൻ ഡി.ഡി ഡയറക്ടർ
text_fieldsന്യൂഡൽഹി: മണിക്കൂറുകൾക്കിടെ ഭർത്താവിനെയും അമ്മയെയും നഷ്ടമായെന്ന് മുൻ ദൂരദർശൻ ഡയറക്ടർ അർച്ചന ദത്ത. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇരുവരുടെയും ഓക്സിജന്റെ അളവ് കുത്തനെ കുറഞ്ഞതാണ് മരണകാരണമെന്നും അർച്ചന ദത്ത പറഞ്ഞു.
ഏപ്രിൽ 27ന് മാൽവിയ നഗർ സർക്കാർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇരുവരെയും നഷ്ടമായതിന്റെ ആഘാതത്തിലാണെന്ന് അർച്ചന ദത്ത ട്വീറ്റ് ചെയ്തു.
'എന്നെപ്പോലുള്ള പലരും തങ്ങൾക്ക് ഇത് സംഭവിക്കില്ലെന്ന് കരുതിയിരിക്കാം. പക്ഷേ അത് സംഭവിച്ചു. എന്‍റെ മാതാവും ഭർത്താവും ചികിത്സ കിട്ടാതെ മരിച്ചു. ഞങ്ങൾ സന്ദർശിച്ചുകൊണ്ടിരുന്ന എല്ലാ മുൻ നിര ആശുപത്രികളിലേക്കും പ്രവേശനം നിഷേധിക്കപ്പെട്ടു. അതെ, അവരുടെ മരണശേഷം കോവിഡ് പോസിറ്റീവാെണന്ന് സ്ഥിരീകരിച്ചു' -ദത്ത ട്വീറ്റ് ചെയ്തു.
പ്രതിഭ പട്ടീൽ രാഷ്ട്രപതിയായിരുന്ന കാലഘട്ടത്തിൽ രാഷ്ട്രപതി ഭവനിലെ വക്താവായിരുന്നു അർച്ചന. പ്രതിരോധ മന്ത്രാലയത്തിലെ പരിശീലന കേന്ദ്രത്തിലെ ഡയറക്ടർ സ്ഥാനത്തുനിന്ന് വിരമിച്ച വ്യക്തിയാണ് ഭർത്താവ് എ.ആർ. ദത്ത. 68 വയസായിരുന്നു. മാതാവ് ഭാനി മുഖർജിക്ക് 88 വയസുമായിരുന്നു. അസുഖബാധിതരായ ഇരുവർക്കും ആശുപത്രി പ്രവേശനം ലഭിച്ചിരുന്നില്ല. ഓക്സിജന്റെ അളവ് ശരീരത്തിൽ കുറഞ്ഞതോടെയായിരുന്നു ഇരുവരുടെയും മരണം.
'എന്‍റെ മകൻ രണ്ടുപേരെയും തെക്കൻ ഡൽഹിയിലെ നിരവധി സ്വകാര്യ ആശുപത്രികളിലെത്തിച്ചിരുന്നു. എന്നാൽ അവർക്ക് പ്രവേശനം നിഷേധിച്ചു. തുടർന്ന് മാൽവിയ നഗറിലെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു' -അർച്ചന ദത്ത പി.ടിഐയോട് പറഞ്ഞു.
മകൻ ഓക്സിജൻ സിലിണ്ടറിനായി എല്ലായിടത്തും അലഞ്ഞെങ്കിലും ലഭ്യമായില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യൻ സർവിസസ് ഓഫിസറായ അർച്ചന ദത്ത 2014ലാണ് ദൂരദർശൻ ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് വിരമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.