ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്സ് അവസാനിച്ചു; രാഷ്ട്രീയത്തിൽ നിന്നുള്ള വിരമിക്കൽ സൂചന നൽകി സോണിയ
text_fieldsന്യൂഡൽഹി: രാജ്യത്തിനും കോൺഗ്രസിനും ഇത് വെല്ലുവിളികളുടെ സമയമാണെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ ഓരോ സ്ഥാപനങ്ങളും ബി.ജെ.പി പിടിച്ചെടുത്തു. ചില വ്യവസായികൾക്ക് വലിയ സൗജന്യങ്ങൾ നൽകിയതിനാൽ സമ്പദ്‍വ്യവസ്ഥ പ്രതിസന്ധിയിലായെന്നും സോണിയ ഗാന്ധി പറഞ്ഞു. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
2004,2009 വർഷങ്ങളിലെ വിജയങ്ങളും മൻമോഹൻ സിങ്ങിന്റെ സമർഥമായ നേതൃത്വവും തനിക്ക് വ്യക്തപരമായി സംതൃപ്തി നൽകി. കോൺഗ്രസിൽ വഴിത്തിരിവായ ഭാരത് ജോഡോ യാത്രയോടെ എന്റെ ഇന്നിങ്സിന് സമാപനമാവുന്നുവെന്നതാണ് തന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.
കോൺഗ്രസ് പ്ലീനറി സമ്മേളനത്തെ തകർക്കാൻ ബി.ജെ.പി ശ്രമിച്ചുവെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇതിന്റെ ഭാഗമായി ഇ.ഡി പരിശോധനകൾ നടത്തി. കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. ഇതിനെതിരെ കോൺഗ്രസ് മുഖ്യമന്ത്രിമാരും പ്രവർത്തകരും ചെറുത്തുനിൽപ്പ് നടത്തി. ഇനിയും ഭയന്നിരിക്കാനാവില്ലെന്നും ഖാർഗെ പറഞ്ഞു.
കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ രാഷ്ട്രീയപ്രമേയങ്ങളും കൊണ്ടു വന്നു. വിദ്വേഷത്തിന്റെ പേരിലുള്ള അക്രമം തടയാൻ നിയമം കൊണ്ടു വരണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ജുഡീഷ്വറിക്കെതിരായ നീക്കങ്ങളിലാണ് മറ്റൊരു പ്രമേയം കൊണ്ടു വന്നത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജുഡീഷ്യറിക്കെതിരായ കേന്ദ്ര നിയമമന്ത്രിയുടെ പ്രസ്താവനകളെ പ്രമേയം വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.