എന്‍റെ മന്ത്രിമാർക്ക് ഹിന്ദി അറിയില്ല- അമിത് ഷായോട് മിസോറാം മുഖ്യമന്ത്രി
text_fieldsഗുവാഹത്തി: സംസ്ഥാനത്തെ മന്ത്രിമാർക്ക് ഹിന്ദി അറിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തെഴുതി മിസോറാം മുഖ്യമന്ത്രി സോറാംതംഗ. മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിയെ സംസ്ഥാനത്ത് നിയമിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്.
കേന്ദ്രം പുതുതായി നിയമിച്ച രേണു ശർമക്ക് പകരം അഡിഷണൽ ചീഫ് സെക്രട്ടറി ജെ.സി രാംതംഗയെ സംസ്ഥാനത്തെ സ്റ്റേറ്റ് സെക്രട്ടറിയായി നിമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. സംസ്ഥാനത്തെ മന്ത്രിമാർക്ക് ഹിന്ദി മാത്രമല്ല, ഇംഗ്ലീഷും അറിയില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായിരുന്ന ലാൽനുൻമാവിയ ചോംഗോ വിരമിച്ച ഒഴിവിലാണ് കേന്ദ്ര സർക്കാർ രേണു ശർമയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. 1988 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ രേണു ശർമ നവംബർ ഒന്നിനാണ് ചീഫ് സെക്രട്ടറിയായി ചാർജെടുത്തത്. അതേ ദിവസം തന്നെ സംസ്ഥാന സർക്കാർ ജെ.സി രാംതംഗയെ ചീഫ് സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. നിലവിൽ മിസോറാമിൽ രണ്ടു ചീഫ് സെക്രട്ടറിമാരാണ് ഉള്ളത്.
'ഭൂരിഭാഗം മിസോകൾക്കും ഹിന്ദി അറിയില്ല. കാബിനറ്റ് മന്ത്രിമാർക്കൊന്നും തന്നെ ഇംഗ്ലീഷും അറിയില്ല. ഈ സാഹചര്യത്തിൽ മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിയുമൊത്ത് ജോലി ചെയ്യുന്നത് എല്ലാവർക്കും അസൗകര്യമായിരിക്കും. ഏത് സംസ്ഥാനത്തായാലും ആ നാട്ടിലെ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിക്ക് മികച്ച രീതിയിൽ ഭരണം നടത്തുക എന്നുള്ളത് ദുഷ്ക്കരമായിരിക്കും.' സോറതംഗ കത്തിൽ പറയുന്നു.
എൻ.ഡി.എ സർക്കാറിലെ ഏറ്റവും വിശ്വസ്തനായ അംഗമെന്ന നിലയിൽ തന്‍റെ അഭ്യർഥന സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.