എന്‍െറ മൊബൈല്‍, എന്‍െറ ബാങ്ക്, എന്‍െറ വാലറ്റ്...!
text_fieldsന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍െറ നോട്ടുരഹിത വിപ്ളവം പ്രമുഖ കോര്‍പറേറ്റ് കമ്പനികള്‍ക്ക് ചാകരയായി. മൊബൈല്‍, ബാങ്ക്, ഇ-വാലറ്റ് എന്നിവ ബന്ധിപ്പിച്ച് ഡിജിറ്റല്‍ പേമെന്‍റ് വ്യവസായം പൊടിപൊടിക്കുന്നു. ബാങ്കുകളെ പിന്തള്ളി പുതിയ വാതായനങ്ങള്‍ തുറന്ന് സ്വകാര്യ കമ്പനികള്‍ പണമിടപാട് മേഖലയില്‍ വലവീശുകയാണ്. കടുത്ത പണഞെരുക്കവും മാന്ദ്യവും മൂലമുള്ള കഷ്ടപ്പാട് പേറുന്നവരില്‍ നല്ളൊരു വിഭാഗം പുത്തന്‍ രീതികള്‍ക്ക് നിര്‍ബന്ധിക്കപ്പെടുന്നു.
പച്ചക്കറിയും പലവ്യഞ്ജനവും വാങ്ങുന്നതിന് മുതല്‍ വിമാനടിക്കറ്റിനു വരെ ഇ-വാലറ്റ് രീതിയായി. കടകളിലെങ്ങും സൈ്വപ് മെഷീനുകളും പ്രീപെയ്ഡ് വാലറ്റ് വഴിയുള്ള പണമിടപാട് സജ്ജീകരണങ്ങളും നിരന്നുകഴിഞ്ഞു. നോട്ട് കൈകൊണ്ട് തൊടുകയേ വേണ്ട. നോട്ടുക്ഷാമം മൂലം പ്രയാസപ്പെടുന്ന കച്ചവടക്കാരെയും ബാങ്ക് ഇടപാടുകാരെയും പ്രതിസന്ധി മുതലാക്കി അനായാസം കീഴ്പ്പെടുത്തി മാര്‍ക്കറ്റ് പിടിക്കുകയാണ് കമ്പനികള്‍. ഭാവിയില്‍ സര്‍വിസ് ചാര്‍ജ് വന്നേക്കുമെന്ന ആശങ്ക ബാക്കി.
സ്മാര്‍ട്ട് ഫോണ്‍, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, ഇ-വാലറ്റ് എന്നിവ വഴിയാണ് നോട്ടുരഹിത പണമിടപാട്. ഈ രംഗത്തെ കമ്പനികളുടെ മൊബൈല്‍ ആപ്ളിക്കേഷനുകള്‍ സ്മാര്‍ട്ട് ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യുന്നത് ആദ്യപടി. കമ്പനികളുടെ ഇ-വാലറ്റിലേക്ക് ഡെബിറ്റ് കാര്‍ഡില്‍നിന്നും ക്രെഡിറ്റ് കാര്‍ഡില്‍നിന്നും നെറ്റ്ബാങ്കിങ് വഴിയും പാസ്വേര്‍ഡ്, ഒ.ടി.പി എന്നിവ ഉപയോഗിച്ച് പണം മാറ്റുന്നു. ഇ-വാലറ്റിലേക്ക് ഇടപാടുകാരിലൂടെ മുന്‍കൂര്‍ പണമായി ഒഴുകുന്നത് കോടികള്‍.
ഷോപ്പിങ്ങിനും ബില്ലടക്കാനുമൊക്കെ ഇങ്ങനെ നല്‍കിയ പണം ഉപയോഗിക്കാം. കടയുടമയുടെ പക്കലുള്ള മെഷീനുമായി ബന്ധപ്പെടുത്തിയാല്‍ ഒറ്റ ക്ളിക്കില്‍ ബില്‍ സംഖ്യ ഇ-വാലറ്റില്‍നിന്ന് ചോര്‍ന്ന് അപ്പുറമത്തെും. ബാക്കി പണം വാലറ്റില്‍ കിടക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് പേമെന്‍റ് രീതികളെ കടത്തിവെട്ടുന്ന വിധമാണ് ഇ-വാലറ്റ് കമ്പനികള്‍ മാര്‍ക്കറ്റ് കൈയടക്കുന്നത്. പിടിച്ചുനില്‍ക്കാന്‍ സ്റ്റേറ്റ് ബാങ്ക് അടക്കം ബാങ്കുകളും ഇ-വാലറ്റ് സേവനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സര്‍ക്കാറാകട്ടെ, എല്ലാവിധ ഇടപാടുകളും ഡിജിറ്റല്‍ പേമെന്‍റ് രീതിയിലേക്ക് മാറ്റുന്നു. വിവിധ മന്ത്രാലയങ്ങളും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും യുദ്ധകാലാടിസ്ഥാനത്തിലാണ് നരേന്ദ്ര മോദിയുടെ ആഹ്വാനം നടപ്പാക്കുന്നത്. ഇതിന് സാധാരണക്കാര്‍ മുതല്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കുവരെ പരിശീലനം നല്‍കിവരുന്നു. പെട്രോള്‍ പമ്പില്‍ നോട്ടില്ലാതെ പണം നല്‍കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ വന്നുകഴിഞ്ഞുവെന്ന് വിശദീകരിച്ച് പെട്രോളിയം മന്ത്രാലയം മുഴുപേജ് പരസ്യം നല്‍കിയത് ‘എന്‍െറ മൊബൈല്‍, എന്‍െറ ബാങ്ക്, എന്‍െറ വാലറ്റ്...’ എന്ന അടിക്കുറിപ്പോടെയാണ്.
ഡിജിറ്റല്‍ പേമെന്‍റും ഇ-വാലറ്റുമൊക്കെയായി പണമിടപാട് നടത്താന്‍ അവശ്യം വേണ്ട സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ എത്രപേര്‍ക്കുണ്ടെന്ന ചോദ്യം ഇതിനെല്ലാമിടയില്‍ ബാക്കി. രൊക്കം പണം കൈകാര്യം ചെയ്ത് ശീലിച്ച പെന്‍ഷന്‍കാരും ചെറുകിട കച്ചവടക്കാരുമൊക്കെ നോട്ടുരഹിത വിപ്ളവത്തിലെ പുതിയ സാങ്കേതികപദങ്ങള്‍ക്ക് മുമ്പില്‍ കണ്ണുമിഴിക്കുകയാണ്. യുവാക്കളും മധ്യവര്‍ഗക്കാരും ഫാഷനാക്കുന്നു. സൗകര്യം, സുരക്ഷിതം, ലളിതമെന്ന നോട്ടുരഹിത വിപ്ളവ മുദ്രാവാക്യത്തിനിടയില്‍ പണത്തിന്‍െറ ഭദ്രത അവഗണിക്കപ്പെടുന്ന വിഷയവുമായി.
പ്ളാസ്റ്റിക് മണിയെ പിന്തള്ളി ഇ-വാലറ്റ്
ന്യൂഡല്‍ഹി: ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് പേമെന്‍റ്, ഇന്‍റര്‍നെറ്റ് ബാങ്കിങ് രീതികളെ കടത്തിവെട്ടുന്ന വിധമാണ് ഇ-വാലറ്റ് കമ്പനികള്‍ മാര്‍ക്കറ്റ് കൈയടക്കുന്നത്. 15 കോടി ഇടപാടുകാര്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന പേടിഎം ഈ രംഗത്തെ അതികായനാണ്. മുന്തിയ നോട്ടുകള്‍ അസാധുവാക്കുന്നതുവരെ വന്‍ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത് ഇടപാടുകാരെ ആകര്‍ഷിച്ചുപോന്ന കമ്പനി ഇപ്പോള്‍ ഇടപാടുകാര്‍ പെരുകി ഡിസ്കൗണ്ട് ഏര്‍പ്പാടുകള്‍ ചുരുക്കി.
നരേന്ദ്ര മോദിയുടെ നോട്ടുരഹിത വിപ്ളവത്തെ സ്വാഗതം ചെയ്ത റിലയന്‍സ് ഉടമ മുകേഷ് അംബാനി ജിയോ സിമ്മിനൊപ്പം ഡിജിറ്റല്‍ പേമെന്‍റ് രീതികള്‍ വിപുലപ്പെടുത്തിക്കഴിഞ്ഞു. ഇ-വാലറ്റിനു പുറമെ ജിയോ മണി മര്‍ച്ചന്‍റ് സൊലൂഷന്‍സ് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഒരു കോടി ചില്ലറ വ്യാപാരികള്‍ക്ക് സജ്ജീകരണം നല്‍കി ഡിജിറ്റല്‍ പേമെന്‍റ് സ്വീകരിക്കുന്ന സംവിധാനത്തിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യം. വ്യാപാരികള്‍ അത്രയുമാണെങ്കില്‍, ഇടപാടുകാര്‍ പല കോടികളാണ്.
ജിയോ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ സൗജന്യമാക്കിയ അംബാനി ഒരു വെടിക്ക് പല പക്ഷികളാണ് ലക്ഷ്യമിടുന്നത്. ബയോമെട്രിക് വിവരങ്ങള്‍ അടക്കം ശേഖരിച്ച് സര്‍ക്കാര്‍ തയാറാക്കി നല്‍കിയ ആധാര്‍ അടിസ്ഥാനപ്പെടുത്തിയാണ് സ്വകാര്യ കമ്പനിയായ റിലയന്‍സ് മൈക്രോ എ.ടി.എം സേവനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും റിലയന്‍സിന്‍െറയും സംയുക്ത സംരംഭമാണ് ജിയോ പേമെന്‍റ് ബാങ്ക്.
എയര്‍ടെല്ലിന്‍െറ എയര്‍ ടെല്‍ മണി, വിപുലമായ ടാക്സി ശൃംഖലയുള്ള ഓലയുടെ ഓല-മണി തുടങ്ങി നിരവധി ഇ-വാലറ്റ് കമ്പനികളും ബിസിനസ് വിപുലപ്പെടുത്തി. ഇപ്പോള്‍ പണമിടപാട് സൗജന്യമാണ്. എന്നാല്‍, പുതിയ രീതി വ്യാപകമായി വിപണി ഉറപ്പിക്കുന്നതോടെ ക്രെഡിറ്റ് കാര്‍ഡുകളുടെ മാതൃകയില്‍ സര്‍വീസ് ചാര്‍ജ് ചുമത്താന്‍ സാധ്യത ഏറെ. മാര്‍ക്കറ്റ് പിടിക്കാന്‍ ദിനേന മുഴുപ്പേജ് പത്രപരസ്യങ്ങളും മറ്റുമായി ഈ കമ്പനികള്‍ ചെലവിടുന്നത് കോടികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.