'അമ്മക്ക് നീതി ലഭിക്കണം'; സൊണാലിയുടെ മരണത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് മകൾ
text_fieldsന്യൂഡൽഹി: ടിക് ടോക് താരവും നടിയും ഹരിയാനയിലെ ബി.ജെ.പി നേതാവുമായ സൊണാലി ഫോഗട്ടിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് 15 കാരിയായ മകൾ. സൊണാലിയുടേത് മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ റിങ്കു ധാക്ക ഗോവയിലെ അഞ്ജുന പൊലീസിൽ പരാതി നൽകി മണിക്കൂറുകൾക്ക് ശേഷമാണ് മകളുടെ പ്രതികരണം.
'എന്‍റെ അമ്മ നീതി അർഹിക്കുന്നു. കേസിൽ ശരിയായ അന്വേഷണം ആവശ്യമാണ്. കുറ്റവാളികൾ കർശന ശിക്ഷ അനുഭവിക്കണം'- മകൾ പറഞ്ഞു.
കുറ്റക്കാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതുവരെ സൊണാലിയുടെ പോസ്റ്റ്‌മോർട്ടം നടത്താൻ സമ്മതിക്കില്ലെന്ന് സഹോദരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മരണത്തിൽ ഗോവ പൊലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും ഈ രീതി തുടർന്നാൽ ഡൽഹിയിലേയോ ജയ്പൂരിലേയോ എയിംസിൽ കൊണ്ടുപോയി പോസ്റ്റ്‌മോർട്ടം നടത്തുമെന്നും ധാക്ക പറഞ്ഞിരുന്നു. സൊണാലിയുടെ മാനേജർ സുധീർ സാങ്‌വാനും അസിസ്റ്റന്റ് സുഖ്‌വീന്ദർ സിങ്ങും കൊലപാതകത്തിന് ഉത്തരവാദികളാണെന്ന് അദ്ദേഹം ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഗോവ പൊലീസ് ചൊവ്വാഴ്ച അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ദേശീയ വനിതാ കമീഷൻ മരണത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ഉത്തരവിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.