മുംബൈ നഗരസഭയുടേത് രാമക്ഷേത്രം പൊളിച്ച ബാബറിന്‍റെ നടപടിക്ക് സമാനം -കങ്കണ
text_fieldsമുംബൈ: ബാന്ദ്രയിലെ തന്‍റെ ഒാഫീസ് പൊളിച്ച മുംബൈ നഗരസഭയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് താരം കങ്കണ റണവാത്ത്. നഗരസഭയുടെ നടപടി രാമക്ഷേത്രം പൊളിച്ച ബാബറിന്‍റെ നടപടിക്ക് സമാനമാണെന്ന് കങ്കണ ട്വീറ്റ് ചെയ്തു. തന്‍റെ ഒാഫീസിനെ രാമ ക്ഷേത്രത്തോടും മുംബൈ നഗരസഭയെ ബാബറിനോടും ആണ് കങ്കണ ഉപമിച്ചത്.
ഇന്ന് ബാബർ വന്നു. ചരിത്രം വീണ്ടും ആവർത്തിക്കുന്നു, രാമ ക്ഷേത്രം വീണ്ടും പൊളിക്കുകയാണ്. എന്നാൽ, ബാബർ ഒാർക്കുക, രാമ ക്ഷേത്രം വീണ്ടും ഉയരും.
എനിക്ക് ഒരിക്കലും തെറ്റിയിട്ടില്ല. എന്‍റെ ശത്രുക്കൾ അത് എപ്പോഴും തെളിയിച്ചു കൊണ്ടിരിക്കും. എന്‍റെ മുംബൈ ഇപ്പോൾ പാക് അധിനവേശ കശ്മീർ ആയി മാറി. ഇത് ജനാധിപത്യത്തിന്‍റെ മരണമാണ്. -കങ്കണ ട്വീറ്റ് ചെയ്തു.
രാവിലെയാണ് കങ്കണയുടെ ഓഫീസിലെ നിർമിതികൾ പൊളിച്ചു നീക്കാൻ മുംബൈ നഗരസഭ ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രം അടക്കം പൂർണ സാമഗ്രികൾ സ്ഥലത്തെത്തിച്ചാണ് അധികൃതർ പൊളിക്കൽ തുടങ്ങിയത്. കെട്ടിടത്തിനുള്ളിലെ ഭാഗങ്ങൾ തൊഴിലാളികൾ പൊളിച്ചു നീക്കുന്നതിന്‍റെ ഫോട്ടോ താരം തന്നെ ട്വീറ്റിലൂടെ പുറത്തുവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് കെട്ടിടം പൊളിക്കുന്ന മുംബൈ നഗരസഭയുടെ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കങ്കണ ഹൈകോടതിയിൽ ഹരജി നൽകിയത്. തുടർന്ന് അനധികൃത നിർമിതികൾ പൊളിച്ചു നീക്കുന്ന നടപടി മുംബൈ നഗരസഭ താൽകാലികമായി നിർത്തി. കോടതി ഹരജി പരിഗണിച്ച ശേഷം തുടർ നടപടി തീരുമാനിക്കുമെന്നും അധികൃതർ അറിയിച്ചു.
മുംബൈയെ പാക് അധീന കശ്മീരുമായി താരതമ്യപ്പെടുത്തി കൊണ്ടുള്ള നടിയുടെ പ്രസ്താവനക്കെതിരെ ശിവസേന നേതാക്കൾ രംഗത്തെത്തിയതോടെയാണ് വിഷയം രാഷ്ട്രീയ തലത്തിലേക്ക് മാറിയത്. നടി മുംബൈയിലെത്തിയാൽ ആക്രമിക്കുമെന്ന് ശിവസേന നേതാക്കൾ പറയുകയും സെപ്തംബർ 10 മുബൈയിലെത്തുമെന്ന് താരം വെല്ലുവിളി നടത്തുകയും ചെയ്തിരുന്നു. കങ്കണയുടെ ജീവന് ഭീഷണിയുണ്ടെന്ന കുടുംബത്തിന്‍റെ പരാതിക്ക് പിന്നാലെ, കേന്ദ്ര സര്‍ക്കാര്‍ നടിക്ക് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.