‘എന്‍റെ പാർലമെന്‍റ് എന്‍റെ അഭിമാനം’; വിവാദം പ്രതിരോധിക്കാൻ ഹാഷ് ടാഗ് കാമ്പയിനുമായി മോദി
text_fieldsന്യൂഡൽഹി: രാഷ്ട്രപതിയെ മറികടന്ന് പ്രധാനമന്ത്രി പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് വിവാദമാകുകയും പ്രതിപക്ഷം ബഹിഷ്കരണം പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ ഹാഷ് ടാഗ് കാമ്പയിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ വിഡിയോ പങ്കുവെച്ച് കൊണ്ടാണ് 'എന്‍റെ പാർലമെന്‍റ് എന്‍റെ അഭിമാനം' എന്ന ഹാഷ് ടാഗ് കാമ്പയിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. പുതിയ പാർലമെന്‍റ് മന്ദിരത്തിൽ എല്ലാവരും അഭിമാനം കൊള്ളുമെന്ന് മോദി ട്വീറ്റ് ചെയ്തു.
രാഷ്ട്രപതിക്കു പകരം ഉദ്ഘാടന ചുമതല പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് 20 രാഷ്ട്രീയ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഹിന്ദുത്വ ആചാര്യൻ വി.ഡി. സവർക്കറുടെ ജന്മവാർഷിക ദിനമായ മേയ് 28നാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുന്നത്.
കോവിഡ്കാല സാമ്പത്തിക പരാധീനതകൾക്കിടയിൽ പാർലമെന്‍റ് പണിയാൻ വൻതുക മുടക്കുന്നതിലും രാഷ്ട്രപതിയെ പുറത്തു നിർത്തുന്നതിലും പ്രതിഷേധിച്ച് ശിലാസ്ഥാപന ചടങ്ങ് വിവിധ പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചിരുന്നു.
രാഷ്ട്രപതിയെ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീംകോടതിയിൽ ഇന്ന് തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.