ഗ്യാൻവാപി: രണ്ടാം ബാബരിക്കുള്ള പടയൊരുക്കമെന്ന് യൂത്ത് ലീഗ്
text_fieldsഗ്യാൻവ്യാപി മസ്ജിദ് കേസിൽ വരാണസി ജില്ലാ കോടതിയുടെ വിധി 1991 ലെ ആരാധനാലയ നിയമത്തെ അട്ടിമറിക്കുന്നതാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. ഇന്ത്യയിലെ എല്ലാ ആരാധനാലയങ്ങളും 1947 ആഗസ്ത് 15 നുളള അവസ്ഥയിൽ തന്നെ തുടരണം എന്ന് വ്യവസ്ഥ ചെയ്യുന്ന നിയമത്തിൻ്റെ നാലാം വകുപ്പിൻ്റെ പരിരക്ഷ കോടതി തന്നെ ഗ്യാൻവ്യാപി മസ്ജിദിന് നിക്ഷേധിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി കെ ഫൈസൽ ബാബു പറഞ്ഞു.
രണ്ടാം ബാബരി മസ്ജിദിനുള്ള അരങ്ങൊരുക്കലാണ് സംഘ് പരിവാർ സംഘടനകൾ നടത്തുന്നത്. അവസാനിക്കാത്ത തർക്കങ്ങളിലേക്കും നിയമ വ്യവഹാരങ്ങളിലേക്കും വഴിവച്ച് കൊണ്ട് രാജ്യത്തിൻ്റെ സമാധാന ജീവിതം അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. തങ്ങൾക്കാവശ്യമുള്ളിടത്ത് ചരിത്രം കുഴിച്ച് നോക്കി ആവശ്യമായത് കണ്ടെത്തി തർക്കമുയർത്താനുള്ള ശ്രമം ബാബരി കേസിൽ രാജ്യം കണ്ടതാണ്.
മതേതര ഇന്ത്യ ഇതിന് വലിയ വില നൽകേണ്ടി വന്നു. ബാബരി ധ്വംസന കാലത്ത് സംഘ് പരിവാർ ഉയർത്തിയ 'കാശി മഥുര ബാക്കി ഹേ' എന്ന ഭീഷണി രാജ്യം കേട്ടതാണ്. ഒരു വട്ടം കൂടി വർഗീയ കലാപങ്ങളിലേക്കും ധ്രുവീകരണത്തിലേക്കും രാജ്യത്തെ കൊണ്ടു പോകാനുള്ള ശ്രമമാണ് നടക്കുന്നത്. ഉന്നത നീതിന്യായ കോടതികളും മതേതര ജനാധിപത്യ ശക്തികളും ഇത് തിരിച്ചറിഞ്ഞ് ജാഗ്രതയോടെ പ്രതിരോധമുയർത്തണമെന്നും അഡ്വ. ഫൈസൽ ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.