ദസറ ആഘോഷത്തിൽ മൈസൂരു
text_fieldsബംഗളൂരു: രാവും പകലും ദസറ ആഘോഷത്തിലലിഞ്ഞ് മൈസൂരു നഗരം. വിനോദസഞ്ചാരികളടക്കം നിരവധി പേരാണ് ദിനേന ദസറയിൽ പങ്കെടുക്കാനെത്തുന്നത്. 10 ദിവസം നീളുന്ന ആഘോഷ ചടങ്ങുകൾക്ക് ചൊവ്വാഴ്ച സമാപനമാവും.
വിജയദശമി ദിനത്തിൽ നടക്കുന്ന ജംബോ സവാരി പ്രദക്ഷിണമാണ് ആകർഷകമായ ചടങ്ങ്. ഈ ഘോഷയാത്രയിൽ കർണാടകയുടെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും ഫോക് നൃത്തങ്ങളും ഉണ്ടാകും. നിശ്ചലദൃശ്യങ്ങൾ ഒരുക്കാൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ശിൽപ കലാകാരന്മാർ ഏതാനും ദിവസങ്ങളായി മൈസൂരുവിൽ ക്യാമ്പ് ചെയ്തുവരുകയാണ്.
ബന്ദിപാളയയിലെ എ.പി.എം.സി യാർഡിലാണ് ശിൽപ ക്യാമ്പ്. പ്ലാസ്റ്റർ ഓഫ് പാരീസ്, തെർമോകോൾ, ൈപ്ലവുഡ്, പി.വി.സി ബോർഡ് തുടങ്ങിയ ഉപയോഗിച്ചാണ് നിശ്ചല ദൃശ്യങ്ങൾ ഒരുക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായുള്ള എയ്റോ ഷോ തിങ്കളാഴ്ച വൈകീട്ട് നാലു മുതൽ അഞ്ചുവരെ ബന്നിമണ്ഡപ് മൈതാനത്ത് നടക്കും.
ഞായറാഴ്ച നടന്ന പരിശീലനപ്പറക്കൽ വീക്ഷിക്കാനും നൂറുകണക്കിന് പേരാണെത്തിയത്. എയ്റോ ഷോയിലേക്ക് ടിക്കറ്റ് മൂലം പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ വിവിധ വിമാനങ്ങൾ അഭ്യാസപ്രകടനങ്ങളിൽ പങ്കെടുക്കും. എയ്റോ ഷോക്കുള്ള പാസുകൾ മൈസൂരു സിറ്റി പൊലീസ് കമീഷണർ ഓഫിസ് വഴിയാണ് വിതരണം ചെയ്യുന്നത്. ഇതേ പാസുപയോഗിച്ച് തിങ്കളാഴ്ച രാത്രി നടക്കുന്ന ദീപവിതാന റിഹേഴ്സലും വീക്ഷിക്കാം.
ബന്നിമണ്ഡപ് മൈതാനിയിലാണ് ദീപവിതാന പരേഡും അരങ്ങേറുക. പാസ് ലഭിച്ചവർ വൈകീട്ട് മൂന്നോടെ മൈതാനത്തേക്ക് പ്രവേശിക്കണം. വൈകിവരുന്നവരെ പ്രവേശിപ്പിക്കില്ല. വ്യോമസേനയുടെ അക്രോബാറ്റിക് അഭ്യാസ ടീമായ സൂര്യകിരൺ അടക്കമുള്ളവയാണ് എയ്റോഷോയിൽ അണിനിരക്കുക. കാണികളായെത്തുന്നവർ ആവശ്യമായ വെള്ളവും മറ്റും കരുതണം.
സമാപന ദിവസങ്ങളിൽ മൈസൂരു നഗരത്തിൽ ഗതാഗതക്കുരുക്ക് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഇതുവഴി കടന്നുപോകുന്ന അന്തർസംസ്ഥാന യാത്രികർ അടക്കം ആവശ്യമായ മുൻകരുതൽ എടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.