മൈസൂരു കൂട്ട ബലാത്സംഗം; തമിഴ്നാട് സ്വദേശികളായ അഞ്ചു പേർ അറസ്റ്റിൽ
text_fieldsബംഗളൂരു: മൈസൂരുവിൽ എം.ബി.എ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുപ്പൂർ സ്വദേശികളായ അഞ്ചുപേരാണ് പിടിയിലായത്. ഒരാൾ ഒളിവിലാണ്. ഇൗറോഡ് താളവാടി സൂസൈപുരം ഭൂപതി (28), തിരുപ്പൂർ അവിശനാശി സേയൂർ ലൂർദ്ദ്പുരം കരിേങ്കാട് മുരുകേശൻ (25) എന്നിവരാണ് അറസ്റ്റിലായ രണ്ടുപേർ.
പിടിയിലായ 17കാരെൻറ പ്രായം കൃത്യമായി പരിശോധിച്ചുവരുകയാണെന്നും കർണാടക ഡി.ജി.പി പ്രവീൺ സൂദ് പറഞ്ഞു. മലയാളി വിദ്യാർഥികളെ പൊലീസ് സംശയിച്ചിരുന്നുവെങ്കിലും ഇവർക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് വ്യക്തമായി. പഴക്കച്ചവടം, പെയിൻറിങ്, ഇലക്ട്രിക്കൽ, ഡ്രൈവിങ് തുടങ്ങിയ ജോലികൾക്കായാണ് പ്രതികൾ മൈസൂരുവിൽ എത്തിയിരുന്നത്. തമിഴ്നാട്ടിൽനിന്ന് പിടികൂടിയ പ്രതികളെ ശനിയാഴ്ചയാണ് മൈസൂരുവിലെത്തിച്ചത്.
ആറുപേരും സ്ഥിരം കുറ്റവാളികളാണെന്നും മോഷണക്കേസുകൾ ഉൾപ്പെടെ നിലവിലുണ്ടെന്നുമാണ് പൊലീസ് കണ്ടെത്തൽ. ചൊവ്വാഴ്ച ചാമുണ്ഡി കുന്നിെൻറ താഴ്വരയിൽ പ്രതികൾ ഒത്തുകൂടി. രാത്രി 7.30ഒാടെ പ്രദേശത്തെത്തിയ മൈസൂരുവിൽ എം.ബി.എക്ക് പഠിക്കുന്ന വിദ്യാർഥിനിയെയും കൂട്ടുകാരനെയും ആക്രമിച്ചു. യുവാവിനെ ആക്രമിച്ചശേഷം പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഇതിനിടെ, പെൺകുട്ടിയെയും സുഹൃത്തിനെയും ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.
വിവാദ ഉത്തരവ് മൈസൂരു സർവകലാശാല തിരുത്തി
വിദ്യാർഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ വിദ്യാർഥിനികളുടെ സഞ്ചാര സ്വാതന്ത്ര്യം വിലക്കുന്ന മൈസൂരു സർവകലാശാലയുടെ ഉത്തരവ് വിവാദമായതോടെ തിരുത്തി. വൈകീട്ട് 6.30നുശേഷം മൈസൂരു സർവകലാശാലയുടെ കാമ്പസിൽനിന്ന് പെൺകുട്ടികൾ പുറത്തിറങ്ങുന്നത് വിലക്കിയാണ് രജിസ്ട്രാർ വി.വി. ശിവപ്പ ഉത്തരവിറക്കിയിരുന്നത്. 'പെൺകുട്ടികളുടെ സുരക്ഷ'ക്കായാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാൽ, ആൺകുട്ടികൾക്കായി ഒരു നിയന്ത്രണവും ഉത്തരവിൽ സൂചിപ്പിച്ചിരുന്നില്ല. ഇത് സമൂഹ മാധ്യമങ്ങളിലടക്കം വൻ ചർച്ചയായതോടെ ഉത്തരവ് തിരുത്താൻ സർവകലാശാല അധികൃതർ നിർബന്ധിതരായി. ആൺകുട്ടികളും പെൺകുട്ടികളും വൈകീട്ട് 6.30ന് ശേഷം സർവകലാശാല കാമ്പസിൽനിന്ന് പുറത്തിറങ്ങരുതെന്നാണ് ശനിയാഴ്ച പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.