മൈസൂരു- നഞ്ചൻകോട് പാതയിൽ വെള്ളക്കെട്ട്; ഗതാഗതം തിരിച്ചുവിട്ടു
text_fieldsബംഗളൂരു: കപില നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മൈസൂരു- ഊട്ടി ദേശീയപാതയിൽ (ദേശീയ പാത 766) നഞ്ചൻകോടിനടുത്ത് മല്ലനമൂലെ മഠം ജങ്ഷനിൽ വെള്ളക്കെട്ട് രൂപപെട്ടതോടെ ഗതാഗതം വഴിതിരിച്ചുവിട്ടു. കബനി നദിയുടെ വൃഷ്ടി പ്രദേശമായ വയനാടിലും എച്ച്.ഡി. കോട്ടെയിലും കനത്ത മഴ ലഭിച്ച സാഹചര്യത്തിൽ വ്യാഴാഴ്ച രാത്രി അണക്കെട്ടിൽനിന്ന് കൂടുതൽ ജലം തുറന്നുവിട്ടപ്പോഴാണ് കപില നദി കരകവിഞ്ഞൊഴുകിയത്.
വ്യാഴാഴ്ച രാത്രി 11 മുതലാണ് ദേശീയ പാതയിൽ ഗതാഗതം തിരിച്ചുവിട്ടത്. മൈസൂരുവിൽനിന്ന് ഗുണ്ടൽപേട്ട് വഴി കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും സഞ്ചരിക്കുന്ന വാഹനങ്ങൾ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. റോഡിൽ നാലടിയോളം വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
മൈസൂരു ഭാഗത്തുനിന്ന് നഞ്ചൻകോട് ഭാഗത്തേക്ക് വന്ന വാഹനങ്ങൾ അടക്കനഹള്ളി വ്യവസായ മേഖലക്ക് സമീപം വഴിതിരിച്ച് ഹെജ്ജിഗെ പാലം വഴി നഞ്ചൻകോടിലേക്ക് പ്രവേശിക്കുന്ന രീതിയിൽ തിരിച്ചുവിട്ടു. നഞ്ചൻകോട് ഭാഗത്തുനിന്ന് മൈസൂരു ഭാഗത്തേക്ക് വന്ന വാഹനങ്ങൾ ഹെജ്ജിഗെ പാലത്തിലൂടെ താണ്ഡവപുര വഴി ഹൈവേയിലേക്ക് വഴി തിരിച്ചുവിട്ടു. കഴിഞ്ഞ വർഷങ്ങളിലുംമേഖലയിൽ സമാന രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.