മൈസൂരു റിഹാബിലിറ്റേഷൻ സെന്‍ററിൽ ആരോഗ്യവാനായി നരഭോജി കടുവ
text_fieldsഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിൽനിന്ന് പിടികൂടിയ നരഭോജി കടുവ മൈസൂരു മൃഗശാലയിലെ റിഹാബിലിറ്റേഷൻ സെൻററിൽ ആരോഗ്യവാനായി കഴിയുന്നതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശേഖർ കുമാർ നീരജ് അറിയിച്ചു. കടുവയുടെ നിലവിലെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.
നാലു പേരെ കൊല്ലുകയും നിരവധി വളർത്തു മൃഗങ്ങളെ ഭക്ഷിക്കുകയും ചെയ്ത ആൺ നരഭോജി കടുവയെ ഒരു മാസം മുമ്പാണ് മസിനഗുഡിക്ക് സമീപം ദൗത്യസംഘം മയക്ക് വെടി വെച്ച് പിടികൂടിയത്. കടുവയുടെ അവശതയും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് മൈസൂരു മൃഗശാലയിലേക്ക് മാറ്റുകയായിരുന്നു.
മസിനഗുഡിയിൽ ഗൗരി എന്ന ഗോത്രവർഗ സ്ത്രീയെ കൊന്നതു മുതൽ കടുവയെ വനപാലകർ നിരീക്ഷിച്ചുവരുകയായിരുന്നു. തുടർന്നാണ് ടൈഗർ 23 (ടി 23) എന്ന് രേഖപ്പെടുത്തിയത്. എന്നാൽ കടുവയെ പിടികൂടാനുള്ള നടപടികളൊന്നും സ്വീകരിക്കാതെ വിടുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നുപേരെകൂടി കൊന്നതോടെയാണ് കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ജനം രംഗത്തിനിറങ്ങിയത്.
കടുവയെ വെടിവെക്കാൻ ഉത്തരവിട്ടെങ്കിലും കോടതി ഇടപെട്ട് ജീവനോടെ പിടികൂടണമെന്ന് ഉത്തരവിടുകയായിരുന്നു. തുടർന്ന് 21 ദിവസങ്ങൾക്ക് ശേഷമാണ് കടുവയെ പിടികൂടാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.