റെംഡിസിവിർ പൂഴ്ത്തിവെപ്പ്: പ്രതിരോധത്തിൽ മഹാരാഷ്ട്ര ബി.ജെ.പി
text_fieldsമുംബൈ: കൊറോണ വൈറസ് പ്രതിരോധ മരുന്നായ റെംഡിസിവിറിെൻറ 60,000 കുപ്പികളുടെ പൂഴ്ത്തിവെപ്പ് ശേഖരം സംബന്ധിച്ച പൊലീസ് അന്വേഷണത്തിൽ പ്രതിരോധത്തിലായി മഹാരാഷ്ട്ര ബി.ജെ.പി. ചോദ്യം ചെയ്യലിനായി ബ്രക്ക് ഫാർമ ഡയറക്ടറെ വിളിപ്പിക്കാൻ മുംബൈ പൊലീസ് ഒരുങ്ങിയതിനു പിന്നാലെ ബി.ജെ.പി നേതാക്കൾ പോലീസ് സ്റ്റേഷനിൽ എത്തിയത് സംഭവത്തിലെ ഗൂഢാലോചന കൂടുതൽ വ്യക്തമാക്കുന്നു.
റെംസിസിവിറിന്‍റെ ഉപയോഗം സംസ്ഥാനത്ത് കുറക്കുന്നതിനും ഇതോടെ കോവിഡ് പ്രതിരോധ നടപടികൾ താളം തെറ്റിക്കാനും ബി.ജെ.പി ശ്രമിച്ചുവെന്നുമാണ് ഉയരുന്ന ആരോപണം.
60,000 ഓളം കുപ്പികളിലായി റെംഡിസിവിർ കയറ്റി അയച്ച വിവരം ലഭിച്ചതിനെത്തുടർന്ന് ബ്രക്ക് ഫാർമ ഉടമ രാജേഷ് ഡോകാനിയയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. മഹാരാഷ്ട്രയിലും രാജ്യത്തുടനീളവുമുള്ള ഡോക്ടർമാർക്ക് ആവശ്യമായ മരുന്ന് ബ്രക്ക് ഫാർമ സൂക്ഷിച്ചിട്ടുണ്ടെന്നും മുംബൈ പൊലീസ് അറിയിച്ചതോടെയാണ് സംഭവം ശ്രദ്ധ നേടുന്നത്. കോവിഡിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ രോഗികൾക്കായി റെംഡിസിവിർ സംഭരിക്കാൻ സംസ്ഥാനം ശ്രമിക്കുന്നത് തടയാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് മന്ത്രിയും എൻ.സി.പി വക്താവുമായ നവാബ് മാലിക് ആരോപിച്ചു.
ഇതോടെ, മഹാരാഷ്ട്ര ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ ലഭ്യമാക്കാൻ കഷ്ടപ്പെടുന്ന പ്രധാന മരുന്ന് സ്വന്തമാക്കാൻ ബി.ജെ.പിക്കോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കോ അനുമതി നൽകിയിരുന്നില്ലെന്ന പ്രതികരണവുമായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ രംഗത്തുവന്നു. ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ച ശേഷം സംസ്ഥാനത്ത് റെംഡിസിവിറിെൻറ വിതരണം നടത്താമെന്ന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ അഭിമന്യു കാലെ ഏപ്രിൽ 17 ന് അയച്ച കത്തിൽ ബ്രക്ക് ഫാർയെ അറിയിച്ചിരുന്നു. സംസ്ഥാന സർക്കാറിനല്ലാതെ മറ്റാർക്കും ഈ പ്രതിരോധ മരുന്ന് നൽകാൻ പാടില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നിരിക്കെയാണ് സംഭവം ഉണ്ടായത്.
മരുന്നിൻെറ പൂഴ്ത്തിവെപ്പും കരിഞ്ചന്തയിലെ വിൽപനയും അന്വേഷിക്കുന്ന മുംബൈ പൊലീസ് സ്റ്റേഷനിൽ, റെംഡിസിവിറിർ സ്റ്റോക്കുകൾ വഴിതിരിച്ചുവിടാൻ ശ്രമിച്ചെന്ന് സംശയിക്കുന്ന ഫാർമ സ്ഥാപന ഉടമ അടക്കം രണ്ടു പേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ എം.എൽ.എമാരും മുതിർന്ന നേതാക്കളും എത്തിയതോടെ ഗുഢാലോചന സംശയം കൂടുതൽ ശക്തമാകുകയായിരുന്നു. കാണാതായ റെംഡിസിവിർ സ്റ്റോക്കുകൾ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.