അരവിന്ദ് കെജ്രിവാൾ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി ബി.ജെ.പി
text_fieldsന്യൂഡൽഹി: വെള്ളിയാഴ്ച ആരംഭിക്കുന്ന ഡൽഹി നിയമസഭയുടെ ബജറ്റ് സമ്മേളനം അക്ഷരാർത്ഥത്തിൽ പ്രക്ഷുബ്ധമാകും. മനീഷ് സിസോദിയയുടെ അറസ്റ്റിൽ ലഫ്. ഗവർണർ വി. കെ സക്‌സേനയെയും കേന്ദ്രസർക്കാരിനെയും ലക്ഷ്യമിട്ട് ഭരണകക്ഷിയായ എ.എ.പി കളത്തിലിറങ്ങുമ്പോൾ ബി.ജെ.പി, അരവിന്ദ് കെജ്രിവാൾ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരും എന്നാണ് സൂചന.
ലെഫ്റ്റനന്റ് ഗവർണറുടെ അഭിസംബോധനയോടെ സെഷൻ ആരംഭിക്കുമെന്നും മാർച്ച് 21ന് ബജറ്റ് അവതരിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. മുൻ ഉപമുഖ്യമന്ത്രി സിസോദിയയുടെ അറസ്റ്റിനെക്കുറിച്ചും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ലഫ്റ്റനന്റ് ഗവർണർ എങ്ങനെ ഇടപെടുന്നുവെന്നും സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് പറഞ്ഞു.
കേന്ദ്രത്തിന്‍റെ സി.ബി.ഐയുടെയും ഇ.ഡിയുടെയും ദുരുപയോഗം, സർക്കാർ പ്രവർത്തനത്തിൽ ലഫ്. ഗവർണറുടെ ഇടപെടൽ എന്നിവയും ആപ്പ് ഉന്നയിക്കും. കേന്ദ്രത്തിന്‍റെ സി.ബി.ഐയുടെയും ഇ.ഡിയുടെയും ദുരുപയോഗമാണ് ഏറ്റവും വലിയ പ്രശ്‌നം. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയെ കള്ളക്കേസിൽ തടവിലാക്കിയിരിക്കുന്നു. ഇതാണ് ഡൽഹിയിലെ ഏറ്റവും വലിയ പ്രശ്‌നം. ആപ്പ് നേതാവ് പറയുന്നു. അഴിമതിയുടെ പേരിൽ അരവിന്ദ് കെജ്രിവാൾ സർക്കാരിനെതിരെ ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് രാംവീർ സിംഗ് ബിധുരി പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരമൊരു സാഹചര്യത്തിൽ ഈ സർക്കാരിന് അധികാരത്തിലിരിക്കാൻ ധാർമികമോ ഭരണഘടനാപരമോ ആയ അവകാശമില്ലെന്നും സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നുണ്ടെന്നുംപ്രസ്താവനയിൽ പറയുന്നു. അഞ്ച് ദിവസത്തേക്ക് മാത്രമാണ് ബജറ്റ് സമ്മേളനം വിളിച്ചിട്ടുള്ളതെന്നും അതിൽ രണ്ട് ദിവസങ്ങളിൽ മാത്രമാണ് ചോദ്യോത്തര സമയം നിലനിർത്തിയതെന്നും ബിധുരി പറഞ്ഞു.
ഇത് നിയമസഭാംഗങ്ങളുടെ അവകാശങ്ങളെ ആക്രമിക്കുന്നതിന് തുല്യമാണെന്നും ഈ സർക്കാർ നിയമസഭാംഗങ്ങളുടെ അവകാശങ്ങൾ തുടർച്ചയായി കവർന്നെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സമ്മേളനം 10 ദിവസമെങ്കിലും നീട്ടണമെന്ന് ബി.ജെ.പി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ ഗുരുതരമായ പ്രശ്‌നങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാൻ ബി.ജെ.പി എം.എൽ.എമാർ നോട്ടീസ് നൽകിയിട്ടുണ്ടെന്നും എല്ലാ വിഷയങ്ങളും ചർച്ച ചെയ്യണമെന്നും അങ്ങനെ സത്യം പൊതുജനങ്ങൾക്ക് മുന്നിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി, വായു മലിനീകരണം, കുടിവെള്ള പ്രതിസന്ധി, ഗതാഗത സംവിധാനത്തിന്റെ തകർച്ച, പുതിയ സ്‌കൂളുകളും കോളജുകളും തുറക്കാത്തത്, അധ്യാപകരുടെ അഭാവം, മൊഹല്ല ക്ലിനിക്കുകളിലെ ക്രമക്കേട്, യമുന മലിനീകരണം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷ എം.എൽ.എമാർ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയെ ആധുനികവും വൃത്തിയുള്ളതും വികസനോന്മുഖവുമായ നഗരമാക്കി മാറ്റുന്നതിൽ സെഷൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.