യെദിയൂരപ്പക്ക് തിരിച്ചടി; 'ഓപ്പറേഷൻ താമര' അന്വേഷിക്കാമെന്ന് ഹൈകോടതി
text_fieldsബംഗളൂരു: കർണാടകയിൽ ഏറെ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കിയ 'ഓപ്പറേഷൻ താമര' ആരോപണത്തിൽ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കെതിരെ അന്വേഷണം നടത്താമെന്ന് ഹൈകോടതി. 2019ൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിനെ കുതിരക്കച്ചവടത്തിലൂടെ വീഴ്ത്തിയ ബി.ജെ.പിയുടെ നീക്കമാണ് 'ഓപ്പറേഷൻ താമര' എന്ന് അറിയപ്പെടുന്നത്. നേരത്തെ സ്റ്റേ ചെയ്ത അന്വേഷണത്തിനാണ് ഇപ്പോൾ ഹൈകോടതി അനുമതി നൽകിയത്.
ഒരു വർഷം മാത്രം പ്രായമായ സഖ്യസർക്കാറിലെ ഇരുകക്ഷികളിലെയും എം.എൽ.എമാരെ അടർത്തിയെടുത്താണ് ബി.ജെ.പി കർണാടകയിൽ അധികാരത്തിലേറിയത്. ഇത് ബി.ജെ.പി നേതൃത്വം പണമൊഴുക്കി ആസൂത്രിതമായി നടപ്പാക്കിയ പദ്ധതിയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
ജെ.ഡി.എസ് എം.എൽ.എയെ കൂറുമാറ്റാൻ അദ്ദേഹത്തിന്‍റെ മകന് പണവും പദവിയും വാഗ്ദാനം ചെയ്തുകൊണ്ടുള്ള യെദ്യൂരപ്പയുടെ ഫോൺ കോൾ റെക്കോഡുകൾ പുറത്തുവന്നിരുന്നു. ഈ കേസിലാണ് യെദിയൂരപ്പ അന്വേഷണം നേരിടേണ്ടി വരിക. ഗുർമിത്കൽ എം.എൽ.എ നാഗന ഗൗഡ കണ്ഡകൂറിനെ കൂറുമാറ്റാൻ അദ്ദേഹത്തിന്‍റെ മകൻ ശരണ ഗൗഡയ്ക്ക് മന്ത്രിപദവിയും 10 കോടി രൂപയും തിരഞ്ഞെടുപ്പുസഹായവും വാഗ്ദാനം ചെയ്തു എന്നതാണ് പരാതി. നാഗന ഗൗഡ തന്നെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.