എൻ.എ. ഹാരിസ് എം.എൽ.എ ബി.ഡി.എ ചെയർമാനായി ചുമതലയേറ്റു
text_fieldsബംഗളൂരു: ബംഗളൂരു വികസന അതോറിറ്റിയുടെ (ബി.ഡി.എ) പ്രവർത്തനങ്ങളിൽ സുതാര്യത കൊണ്ടുവരുമെന്ന് ചെയർമാനായി തിങ്കളാഴ്ച ചുമതലയേറ്റ എൻ.എ. ഹാരിസ് എം.എൽ.എ പറഞ്ഞു.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു എൻ.എ. ഹാരിസ് എം.എൽ.എ ഔദ്യോഗികമായി ഒപ്പുവെച്ച് ചുമതലയേറ്റത്. തുടർന്ന് ശിവകുമാർ പൂച്ചെണ്ട് നൽകി പുതിയ ബി.ഡി.എ ചെയർമാനെ സ്വീകരിച്ചു. 34 എം.എൽ.എമാരെ വിവിധ ബോർഡ്, കോർപറേഷൻ ചെയർമാൻ പദവികളിൽ നിയമിച്ച് വെള്ളിയാഴ്ചയാണ് കോൺഗ്രസ് പട്ടിക പുറത്തിറക്കിയത്.
സിദ്ധരാമയ്യ സർക്കാറിൽ മന്ത്രിസഭ രൂപവത്കരണത്തിൽ അവസാന നിമിഷം മാറ്റിനിർത്തപ്പെട്ട എൻ.എ. ഹാരിസിന് കാബിനറ്റ് റാങ്കോടെ ഏറ്റവും പ്രധാനപ്പെട്ട ബംഗളൂരു വികസന അതോറിറ്റി ചെയർമാൻ സ്ഥാനം തന്നെ പകരം നൽകുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കുടുംബത്തോടൊപ്പമാണ് എൻ.എ. ഹാരിസ് എം.എൽ.എ ചുമതല ഏറ്റെടുക്കാൻ ബംഗളൂരുവിലെ ബി.ഡി.എ ഓഫിസിൽ എത്തിയത്. ബംഗളൂരുവിലെ ജനങ്ങളെ സഹായിക്കാൻ തന്റെ ഭാഗത്തുനിന്ന് പൂർണ പരിശ്രമങ്ങളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
‘എന്നിൽ ഒരു ഉത്തരവാദിത്തം ഏൽപിച്ചിരിക്കുന്നു. ഞാനത് സ്വീകരിച്ചു. നാലു തവണ നഗരത്തിൽനിന്നുള്ള എം.എൽ.എയായി പ്രവർത്തിച്ചതിനാൽ ബംഗളൂരുവിന്റെ പ്രശ്നങ്ങളെന്തെന്ന് എനിക്കറിയാം. ബി.ഡി.എയെ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോവാൻ ആവശ്യമായ പഠനവും പ്രവർത്തനങ്ങളും നടത്തും.
ബംഗളൂരു വികസന അതോറിറ്റിയുടെ ഭരണത്തിൽ സുതാര്യത കൊണ്ടുവരും. ബംഗളൂരുവിലെ വികസനത്തെ കുറിച്ച് പല പരാതികളും കേട്ടിരുന്നു. ഞങ്ങൾ അതെല്ലാം പരിഹരിക്കാൻ ശ്രമിക്കും’ -പുതിയ ബി.ഡി.എ ചെയർമാൻ പറഞ്ഞു. ‘ബംഗളൂരു എന്നത് ഒറ്റ ഒന്നേയുള്ളൂ. നമ്മളെ പോലെ മറ്റൊരു നഗരമില്ല. നഗരത്തെ എത്രകണ്ട് ഉപയോഗപ്പെടുത്തി വികസനം നടപ്പാക്കാനാകുമോ എന്ന് നമുക്ക് നോക്കാം. ഇവിടെ നിരവധി പ്രശ്നങ്ങളുണ്ടാകും. എന്നാൽ, ജനങ്ങൾക്ക് സഹായകരമാവുന്ന രീതിയിലാണ് ഞാൻ പ്രവർത്തിക്കുക’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.