ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായം; പുതിയ സമിതി നാക് മാതൃകയിൽ
text_fieldsന്യൂഡൽഹി: സർവകലാശാല, കോളജുകൾ തുടങ്ങി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായം അനുവദിക്കുന്നതിന് രൂപവത്കരിക്കുന്ന പുതിയ സമിതി നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) മാതൃകയിൽ. സർവകലാശാല ധനസഹായം കമീഷൻ (യു.ജി.സി) ചട്ടം അനുസരിച്ചാണ് നാക് പ്രവർത്തിക്കുന്നത്. ഇതേ മാതൃകയിൽ നിലവിലെ യു.ജി.സി ചട്ടമനുസരിച്ച് ധനസഹായം അനുവദിക്കുന്നതിന് പുതിയ സമിതി രൂപവത്കരിക്കാൻ സർക്കാറിന് എളുപ്പവുമാണ്. സ്ഥാപനങ്ങൾക്ക് നാക് റാങ്ക് അനുവദിക്കുന്ന രീതിയിലായിരിക്കും പുതിയ സമിതി ധനസഹായവും അനുവദിക്കുക.
നേരത്തേ, യു.ജി.സി നിർത്തലാക്കി അക്കാദമിക് രംഗം നിയന്ത്രിക്കാൻ ഉന്നത വിദ്യാഭ്യാസ കമീഷൻ രൂപവത്കരിച്ച സർക്കാർ ധനസഹായം അനുവദിക്കാനുള്ള അധികാരം സംബന്ധിച്ച് മൗനം പാലിച്ചിരുന്നു. ധനസഹായ അധികാരം മാനവശേഷി വികസന മന്ത്രാലയം ഏറ്റെടുക്കാനായിരുന്നു നീക്കം. പ്രതിഷേധം ശക്തമായതോടെ ധനസഹായത്തിനും സ്വതന്ത്ര ഭരണാധികാരമുള്ള സമിതിയെ നിയോഗിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. യു.ജി.സി നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് 10,000ലധികം നിർദേശങ്ങളാണ് മാനവശേഷി വികസന മന്ത്രാലയത്തിന് ലഭിച്ചത്.
ഇതിൽ ഭൂരിഭാഗവും സർക്കാർ ധനസഹായ അധികാരം ഏറ്റെടുക്കുന്നതിനെതിരെ ആയിരുന്നു. ഇതേത്തുടർന്ന് കരട് രേഖയിൽ ഭേദഗതികൾ വരുത്തി മാനവശേഷി വികസന മന്ത്രാലയം മന്ത്രിസഭയുടെ അംഗീകാരത്തിന് വിട്ടിരിക്കുകയാണ്. യു.ജി.സിയുടെ അധികാരം രണ്ടായി വിഭജിക്കുകയാണ് ചെയ്തതെന്നും അക്കാദിമിക്, ധനസഹായം എന്നിങ്ങനെ സ്വതന്ത്രാധികാരമുള്ള രണ്ട് വിദഗ്ധ സമിതികളായിരിക്കും ഉണ്ടാവുക എന്നും തിങ്കളാഴ്ച ലോക്സഭയിൽ മന്ത്രി പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.