ഖാർഗെക്ക് നഡ്ഡയുടെ കത്ത്; നഡ്ഡക്ക് ജയ്റാമിന്റെ മറുപടി
text_fieldsന്യൂഡൽഹി: പ്രകോപന പ്രസ്താവനകൾ നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ജീവൻ അപായപ്പെടുത്താനുള്ള ബി.ജെ.പി നേതാക്കളുടെ നീക്കത്തിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് അയച്ച കത്തിനെ പരിഹസിച്ച് ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡയുടെ കത്ത്. ആ കത്തിനെയും അതിലുപയോഗിച്ച ഭാഷയെയും അപലപിച്ച് നഡ്ഡക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് കത്തയച്ചു. വധ ഭീഷണി അടക്കം മുഴക്കിയ ബി.ജെ.പി നേതാക്കളെ കർശനമായി നേരിടാൻ തീരുമാനിച്ച് കോൺഗ്രസ് നിയമ നടപടികളിലേക്ക് നീങ്ങിയതിന് പിന്നാലെ വിവാദം കത്തുകളായി കത്തിപ്പടരുകയാണ്. ‘എടുക്കാ ചരക്കി’നെ മിനുക്കിയെടുക്കാനുള്ള ശ്രമമാണ് ഖാർഗെ നടത്തുന്നതെന്ന് നഡ്ഡ രാഹുലിനെ പരിഹസിച്ചു.
രാഹുലിനെതിരായ ആക്രമണം പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. കേന്ദ്ര മന്ത്രി രവ്നീത് സിങ്ങ് ബിട്ടു രാഹുലിനെ രാജ്യത്തെ നമ്പർ വൺ ഭീകരനെന്ന് വിളിച്ചതും ബി.ജെ.പി നേതാവ് തർവീന്ദർ സിങ്ങ് മാർവ വധഭീഷണി മുഴക്കിയതും ശിവസേന എം.എൽ.എ സഞ്ജയ് ഗെയ്ക്‍വാദ് രാഹുലിന്റെ നാവരിയുന്നവർക്ക് 11 ലക്ഷം ഇനാം പ്രഖ്യാപിച്ചതും യു.പി മന്ത്രി രഘുരാജ് സിങ്ങ് തീവ്രവാദിയെന്ന് വിശേഷിപ്പിച്ചതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ഖാർഗെ പ്രധാനമന്ത്രിക്ക് കത്തയച്ചത്. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ചെയ്തി പൂർണമായും വിസ്മരിച്ചാണോ ഖാർഗെ കത്തെഴുതിയതെന്ന് ബി.ജെ.പി അധ്യക്ഷൻ മറുപടിക്കത്തിൽ ചോദിച്ചു.
രാഹുൽ ഗാന്ധിക്കെതിരെ ഉയർത്തിയഭീഷണികളിൽ നിന്ന് ശ്രദ്ധ തെറ്റിക്കാൻ ശ്രമിക്കരുതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് നഡ്ഡക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ വധത്തിന് മുമ്പ് അദ്ദേഹത്തിനെതിരെ അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചത് ബി.ജെ.പി അധ്യക്ഷന്റെ മുൻഗാമികളാണെന്ന് ജയറാം രമേശ് ഓർമിപ്പിച്ചു. പ്രതിപക്ഷ നേതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് ലോകമൊന്നാകെ കാണുന്നുണ്ടെന്ന് ജയ്റാം കത്തിൽ തുടർന്നു. ഡൽഹി തുഗ്ലക്ക് ലൈൻ പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് നേതാവ് അജയ് മാക്കൻ പരാതി സമർപ്പിച്ചിരുന്നു. പിന്നീട് കർണാടകയിൽ കേന്ദ്രമന്ത്രി രവ്നീത് സിങ്ങ് ബിട്ടുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.