അഫ്സ്പ നിയമം പിൻവലിക്കാത്ത കേന്ദ്ര നിലപാടിനെതിരെ നാഗാ സംഘടനകൾ
text_fieldsകൊഹിമ: സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ നിയമം ആറുമാസം കൂടി നീട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് നാഗാ സംഘടനകൾ. കേന്ദ്ര നീക്കം അസ്വീകാര്യമാണെന്നും നാഗകളുടെ വരും തലമുറകളെപ്പോലും അടിച്ചമർത്താനാണ് ലക്ഷ്യമിടുന്നതെന്നും സംഘടനകൾ വ്യക്തമാക്കി.
നാഗാജനതയുടെ ആവശ്യങ്ങളെ സർക്കാർ അവഗണിച്ചിരിക്കുകയാണെന്നും അഫ്സ്പ നിയമം പിൻവലിപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്നും നാഗാ ഗോത്രങ്ങളുടെ കൂട്ടായ്മയായ നാഗാ ഹോഹോയുടെ ജനറൽ സെക്രട്ടറി കെ. ഏലു എൻഡാങ് തുറന്നടിച്ചു. നിരപരാധികളെ വെടിവെക്കാനും കൊല്ലാനും സൈന്യത്തിന് അവകാശമുണ്ടായിരിക്കുന്നിടത്തോളം മേഖലയിൽ സമാധാനം ഉണ്ടാകില്ല. സാധാരണക്കാരോ നാഗാ സംഘടനകളോ അല്ല, സൈന്യമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിനിർത്തൽ കരാർ ഇല്ലാതാക്കാനാണ് സൈന്യം ഈമാസം ആദ്യം മോൺ ജില്ലയിൽ ഗ്രാമീണരെ വെടിവെച്ചുകൊന്നതെന്നും അദ്ദേഹം ആരോപിച്ചു.
നാഗാ ജനതയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ് കേന്ദ്ര നടപടിയെന്ന് നാഗാ മദേഴ്സ് അസോസിയേഷൻ ഉപദേശക റോസ്മേരി സുവിച്ചു പറഞ്ഞു. ഈ അപമാനത്തിൽ ഞങ്ങൾ ഞെട്ടിയിരിക്കുകയാണ്. പ്രത്യേകിച്ച് തലമുറകളായി അഫ്സ്പയുടെ വേദന സഹിക്കുന്ന അമ്മമാരും വനിതകളും. കേന്ദ്ര സർക്കാറുമായുള്ള സമീപനത്തിൽ തങ്ങളുടെ നിലപാടുകൾ നാഗാകൾ പുനഃപരിശോധിക്കേണ്ട ഘട്ടമാണിതെന്നും അവർ കൂട്ടിച്ചേർത്തു. അഫ്സ്പക്കെതിരായ പ്രതിഷേധങ്ങൾ വനരോദനമായെന്ന് ഗ്ലോബൽ നാഗാ ഫോറം കൺവീനർ ചുബ ഒസ്കും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.